2007- ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് കലാമണ്ഡലം ഗോപിയെ തെരെഞ്ഞെടുത്തു. നൃത്ത നാട്യ പുരസ്കാരം കൃഷ്ണനാട്ട കലാകാരന്‍ കെ.വേലായുധന്‍ നായര്‍ക്കും നല്‍കും.
സാംസ്കാരിക മന്ത്രി എം.എ.ബേബിയാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്. കഥകളിയുടെ ഘടനാശുദ്ധിയും നടന്‍റെ ഭാവനാശേഷിയും ഒരുമിക്കുമ്പോഴുണ്ടാകുന്ന സൗന്ദര്യപൂര്‍ണ്ണത കലാമണ്ഡലം ഗോപിയെപ്പോലെ അപൂര്‍വ്വം ചിലരിലേ അവശേഷിക്കുന്നുള്ളൂ എന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
പ്രഫ.ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനും, കലാമണ്ഡലം സര്‍വ്വകലാശാല വൈസ് ചെയര്‍മാന്‍ ഡോ.കെ.ജി.പൗലോസ്, വാസന്തി മേനോന്‍, സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ.വി.വേണു എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് കഥകളി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
കാളിയമര്‍ദ്ദനം, കംസവധം തുടങ്ങിയ കൃഷ്ണനാട്ടം കഥകളില്‍ ശ്രീകൃഷ്ണവേഷം അവതരിപ്പിച്ചാണ് കെ.വേലായുധന്‍ നായര്‍ പ്രസിദ്ധനായത്. കലാവാസനയും ഉപാസനയും കൊണ്ട് കൃഷ്ണനാട്ടത്തിന്‍റെ അവതരണ സൗന്ദര്യം സൂക്ഷ്മമാക്കിയ അപൂര്‍വ്വം കലാകാരന്മാരിലൊരാളാണ് വേലായുധന്‍ നായരെന്ന് അവാര്‍ഡ് നിര്‍ണ്ണയ സമിതി വിലയിരുത്തി.
കലാമണ്ഡലം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജി.പൗലോസ് ചെര്‍മാനും ഡോ.നീന പ്രസാദ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി ഡോ.വി.വേണു എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് നൃത്തനാട്യ പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.