കരുണാകരന് 93 ാം പിറന്നാള്‍ മധുരം

Webdunia
വ്യാഴം, 8 ജൂലൈ 2010 (11:11 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് ഇന്ന് 93ാം പിറന്നാള്‍. മിഥുനത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് കരുണാകരന്‍റെ ജനനം.

പിറന്നാള്‍ ദിനത്തില്‍ പതിവു തെറ്റിക്കാതെ ഇത്തവണയും കരുണാകരന്‍ പ്രാര്‍ത്ഥനയും ക്ഷേത്ര ദര്‍ശനവുമായി ഗുരുവായൂരില്‍ ഉണ്ടാകും. പിറന്നാള്‍ ആഘോഷിക്കാന്‍ ഇന്നലെ വൈകിട്ട്‌ അഞ്ചരയോടെ തന്നെ ലീഡര്‍ ഗുരുവായൂരിലെത്തി.

ഇന്നലെ സന്ധ്യയ്ക്ക്‌ ദീപാരാധന സമയത്ത്‌ കരുണാകരന്‍ ക്ഷേത്രദര്‍ശനം നടത്തി. ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ വകയായി ഇന്ന് രാവിലെ ശ്രീവത്സം ഗസ്തൗസില്‍ പിറന്നാള്‍ കേക്ക്‌ മുറിക്കല്‍, മഹാരാജ ദര്‍ബാര്‍ഹാളില്‍ പിറന്നാള്‍ സദ്യ എന്നിവയുണ്ടാകും.

1918 ജൂലൈ 5-ന്‌ കണ്ണോത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരിലായിരുന്നു കരുണാകരന്‍റെ ജനനം. രാജാസ് ഹൈസ്കൂളില്‍ നിന്ന് മെട്രിക്കുലേഷന്‍ ജയിച്ചതിനു ശേഷം തൃശ്ശൂര്‍ ആര്‍ട്സ് കോളജില്‍ നിന്ന് കരുണാകരന്‍ ചിത്രമെഴുത്തും ഗണിതശാസ്ത്രവും പഠിച്ചു.