കെ.കരുണാകരന്‍റെ മടങ്ങിവരവ് കോണ്‍ഗ്രസില്‍ വിവാദങ്ങളുണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് ഇപ്പോള്‍ ഐക്യത്തിന്‍റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരുണാകരന്‍റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് ആലോചിക്കേണ്ടവരോടെല്ലാം ആലോചിക്കും. സംസ്ഥാന നേതാക്കളുടെ അഭിപ്രായം അറിഞ്ഞ ശേഷമേ ഇക്കാര്യത്തില്‍ ഹൈക്കമാഡ് ഒരു തീരുമാനമെടുക്കൂ.
കരുണാകരന്‍റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഒരു വിഭാഗീയതയും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ ഒരു വിവാദവും കോണ്‍ഗ്രസില്‍ ഉണ്ടാകില്ലെന്നും ഉമ്മന്‍ചാണ്ടി അറിയിച്ചു. സ്മാര്‍ട്ട് സിറ്റി കരാറില്‍ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും മാറ്റം വരുത്തിയതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ഈ മാറ്റങ്ങള്‍ എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. മാറ്റങ്ങള്‍ വരുത്തിയത് മൂലം സര്‍ക്കാരിന് ഓഹരിയിനത്തില്‍ കൂടുതല്‍ പണം നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ശിലാസ്ഥാപനംഈ മാസം 16ന് നടക്കുകയാണ്. കേരളത്തിലെ ഐ.ടി മേഖലയില്‍ കൂടുതല്‍ പ്രയോജനം നല്‍കുന്ന ഈ പദ്ധതി ഇവിടെ വരുന്നതില്‍ സന്തോഷമുണ്ട്.
യു.ഡി.എഫാണ് ഈ പദ്ധതി കേരളത്തില്‍ കൊണ്ടുവന്നത്. അന്ന് പ്രതിപക്ഷത്തിരുന്ന ഇടതുമുന്നണി ഈ പദ്ധതി നടപ്പാക്കുന്നത് അനിശ്ചിതമായി വൈകിപ്പിച്ചിരുന്നു. ഇപ്പോള്‍ ഈ സര്‍ക്കാര്‍ വന്ന് 18 മാസത്തിന് ശേഷം സ്മാര്‍ട്ട് സിറ്റി പദ്ധതി നടപ്പാക്കുന്നതില്‍ സന്തോഷമുണ്ട്.
ഈ പദ്ധതിക്കായി യു.ഡി.എഫ് ചെയ്തതെല്ലാം വളരെ സുതാര്യമായിട്ടായിരുന്നു. എല്ലാക്കാര്യങ്ങളും ജനങ്ങളെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചിരുന്നു. സര്‍ക്കാരിന്‍റെ വെബ്സൈറ്റുകളിലും അപ്പപ്പോള്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ പദ്ധതിയുടെ കരാര്‍ ഒപ്പിട്ടതിന് ശേഷമാണ് ജനങ്ങളെ അറിയിച്ചത്.
ഈ കരാര്‍ മന്ത്രിസഭ അംഗീകരിച്ചതിന് ശേഷം വരുത്തിയ എട്ട് മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് മറുപടിയില്ല. കരാറില്‍ ഈ മാറ്റം വരുത്തിയത് മൂലം സംസ്ഥാനസര്‍ക്കാരിന് ഓഹരിയിനത്തില്‍ കൂടുതല്‍ പണം നല്‍കേണ്ടി വരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.