കരുണാകരന്‍റെ വരവ് അനിശ്ചിതത്വത്തില്‍

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2007 (14:32 IST)
KBJWD
എന്‍.സി.പി നേതാവ് കെ.കരുണാകരന്‍റെ കോണ്‍ഗ്രസിലേക്കുള്ള മടക്കത്തിന് വേഗത കുറഞ്ഞതായി റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി കരുണാകരനെതിരെ ശക്തമായ നിലപാടെടുത്തതായാണ് സൂചന.

തിങ്കളാഴ്ച രാവിലെ മുതല്‍ കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. മൊഹ്സിന കെ.കരുണാകരന് അനുകൂലമായി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കുമെന്നാ‍യിരുന്നു രാവിലെ ലഭിച്ചിരുന്ന സൂചനകള്‍.

എന്നാല്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍‌ചാണ്ടി മൊഹ്സിനയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ തകിടം മറിഞ്ഞു. കരുണാകരന്‍റെ മടങ്ങിവരവിനെ ശക്തമായി അദ്ദേഹം എതിര്‍ത്തുവെന്നാണ് സൂചന. ഹൈക്കമാന്‍ഡ് ആവശ്യപ്പെടുകയാണെങ്കില്‍ കരുണാകരനെ തിരിച്ചെടുക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് ഉമ്മന്‍‌ചാണ്ടി മൊഹ്സിനയെ ധരിപ്പിച്ചു.

എന്നാ‍ല്‍ കരുണാകരന്‍റെ മടങ്ങിവരവോടെ പാര്‍ട്ടിയില്‍ എന്തെല്ലാം പ്രശ്നങ്ങളുണ്ടാകുമോ അതിന്‍റെയെല്ലാം പൂര്‍ണ ഉത്തരവാദിത്വം കരുണാകരന്‍റെ മടങ്ങിവരവിന് മുന്‍‌കൈയെടുത്തവരായിരിക്കുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞതായാണ് സൂചന. കെ.കരുണാകരന്‍റെ മടങ്ങിവരവിന് പിന്തുണ നല്‍കുന്നത് പഴയ അന്‍റണി ഗ്രൂപ്പ് നേതാക്കളാണ്.

ഉമ്മന്‍‌ചാണ്ടിയുടെ ഈ നിലപാടാണ് കാര്യങ്ങള്‍ തകിടം മറിയാണ്‍ കാരണം. ഉമ്മന്‍‌ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും തുടക്കം‌മുതല്‍ തന്നെ കരുണാകരന്‍റെ മടങ്ങിവരവിനെ എതിര്‍ത്തിരുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് വിശദമായ ഒരു ചര്‍ച്ചയും ഉണ്ടായില്ല.