കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ എല്‍‌ഡി‌എഫ് നിര്‍ദ്ദേശം

Webdunia
വെള്ളി, 29 ജനുവരി 2010 (20:55 IST)
PRO
മൂന്നാറിലെ ടാറ്റ അടക്കമുള്ള കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ എല്‍‌ഡി‌എഫ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കല്ലാര്‍ പുഴയില്‍ ടാറ്റ അനധികൃതമായി കെട്ടിയ ചെക്ക് ഡാം പൊളിച്ച് നീക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍‌ഡി‌എഫ് യോഗം സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഒന്നാം മൂന്നാര്‍ ദൗത്യത്തിന് ശേഷമുണ്ടായിട്ടുള്ള കൈയേറ്റങ്ങള്‍ പൂര്‍ണമായും ഒഴിപ്പിക്കാനാണ് നിര്‍ദ്ദേശം. മുന്നണി ഒറ്റക്കെട്ടായി നിന്ന് കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കും. വന്‍കിടക്കാരെന്നോ ചെറുകിടക്കാരെന്നോ വ്യത്യാസമില്ലാതെ എല്ലാ കയ്യേറ്റക്കാരെയും ഒഴിപ്പിക്കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്ന് യോഗത്തിന് ശേഷം എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

നടപടികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ എല്‍ഡി‌എഫ് സംഘം തിങ്കളാഴ്ച മൂന്നാര്‍ സന്ദര്‍ശിക്കും. ഒഴിപ്പിക്കല്‍ നടപടിയെ വിമര്‍ശിച്ച് പരസ്യമായി രംഗത്തെത്തിയ സിപി‌എം ഇടുക്കി ജില്ലാ സെക്രട്ടറി എം‌എം മണിക്കെതിരെ യോഗത്തില്‍ വിമര്‍ശനമുണ്ടായി. സിപി‌ഐ പ്രതിനിധികളാണ് മണിയുടെ പ്രസ്താവനയെ വിമര്‍ശിച്ചത്.