കത്തി കൊണ്ടുവച്ചത് പൊലീസ്: സതീഷിന്‍റെ അമ്മൂമ്മ

Webdunia
ബുധന്‍, 26 ഓഗസ്റ്റ് 2009 (18:59 IST)
കാരി സതീഷിന്‍റെ വീട്ടില്‍ നിന്ന് ഇന്ന് പിടിച്ചെടുത്ത കത്തി പൊലീസ് തന്നെ കൊണ്ടുവച്ചതാണെന്ന് സതീഷിന്‍റെ അമ്മൂമ്മ. സതീഷിനെക്കൊണ്ടു തന്നെ ഇത് വീട്ടില്‍ വയ്പ്പിക്കുകയും പിന്നീട് തിരികെയെടുപ്പിക്കുകയുമായിരുന്നു. താന്‍ ഇക്കാര്യം നേരില്‍ കണ്ടുവെന്നും പൊലീസ് ഇപ്പോള്‍ പറയുന്നതു കള്ളമാണെന്നും സതീഷിന്‍റെ അമ്മൂമ്മ പറയുന്നു.

ഇതോടെ പോള്‍ എം ജോര്‍ജ്ജിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്ന കഥകള്‍ക്ക് പിന്നില്‍ ദുരൂഹതകള്‍ വര്‍ദ്ധിക്കുകയാണ്.

പോളിനെ കൊലപ്പെടുത്താന്‍ സതീഷ് ഉപയോഗിച്ചു എന്നു പറയുന്ന ‘എസ്’ ആകൃതിയിലുള്ള കത്തി ഇന്നു രാവിലെ തൃക്കൊടിത്താനത്തുള്ള സതീഷിന്‍റെ വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. താന്‍ തന്നെയാണ് പോളിനെ കൊലപ്പെടുത്തിയതെന്ന് കാരി സതീഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്കുകാരനെ ഇടിച്ചിട്ടത് പോളിനോട് ചോദിച്ചപ്പോല്‍ പോള്‍ തന്നോട് മോശമായി പെരുമാറിയതില്‍ പ്രകോപിതനായാണ് കത്തിയെടുത്ത് കുത്തിയതെന്നാണ് സതീഷിന്‍റെ മൊഴി. മദ്യലഹരിലിലായിരുന്ന താന്‍ എത്ര തവണ പോളിനെ കുത്തി എന്നത് ഓര്‍മ്മയില്ലെന്നും സതീഷ് പറയുന്നു.

എന്നാല്‍ കാരി സതീഷിന്‍റെ അറസ്റ്റ് പൊലീസ് നടത്തിയ നാടകമാണെന്ന് ആരോപിച്ച് സതീഷിന്‍റെ മാതാവ് വിലാസിനി രംഗത്തെത്തി. സതീഷ് കീഴടങ്ങാന്‍ തയ്യാറായിരുന്നുവെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പായിപ്പാട് നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്‍. അതേസമയം സതീഷ് കീഴടങ്ങുകയായിരുന്നു എന്നും സൂചനയുണ്ട്.