കത്തയച്ചെന്ന് ആര്യാടന്‍, കണ്ടില്ലെന്ന് മുഖ്യമന്ത്രി!

Webdunia
വ്യാഴം, 24 ജനുവരി 2013 (17:01 IST)
PRO
കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കുന്നതിനായി സമ്മതമറിയിച്ച് കേരളം കത്തയച്ച കാര്യം മുഖമന്ത്രി അറിഞ്ഞില്ല. താന്‍ ഇങ്ങനെയൊരു കത്ത് കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു. എന്നാല്‍ കത്തയച്ചിട്ടുണ്ടെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ് സമ്മതിച്ചു.

വൈദ്യുതി വിതരണം സ്വകാര്യ മേഖലയ്‌ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കത്തും കേന്ദ്ര സര്‍ക്കാരിന് അയച്ചതായി അറിയില്ലെന്നുമാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. എന്നാല്‍ കത്തയച്ചതായി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

“കത്തയച്ചിട്ടുണ്ട്. എന്‍റെ അറിവോടെയാണ് അയച്ചത്. ഞാനറിയാതെ എങ്ങനെ കത്തയയ്ക്കും?” - ആര്യാടന്‍ മുഹമ്മദ് ചോദിച്ചു.

കേരളത്തിലെ വൈദ്യുതി വിതരണ മേഖല സ്വകാര്യവത്കരിക്കാന്‍ സമ്മതമാണോ എന്ന് ആരാഞ്ഞ് കേന്ദ്ര ഊര്‍ജ്ജ വകുപ്പാണ് കഴിഞ്ഞ നവംബറില്‍ കെ എസ് ഇ ബിക്ക് കത്തയച്ചത്. ഇതിന് മറുപടിയായാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തി ന് കത്തയച്ചത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രി അറിഞ്ഞിട്ടില്ല എന്നതാണ് കൌതുകകരം.

സ്വകാര്യവത്കരണം വന്നാല്‍ വര്‍ഷം തോറും വൈദ്യുതി നിരക്ക് വര്‍ദ്ധന നടപ്പാക്കേണ്ടിവരും. ഇതിനും സമ്മതമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചതായാണ് സൂചന. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ന്നേക്കും.

വൈദ്യുതി വിതരണ മേഖലയിലെ നഷ്ടം നികത്താന്‍ പ്രഖ്യാപിച്ചിട്ടുള്ള സബ്‌സിഡി ലഭിക്കണമെങ്കില്‍ അതിനൊപ്പമുള്ള സാമ്പത്തിക പുനഃസംഘടനാ പദ്ധതി അംഗീകരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വ്യവസ്ഥ. വൈദ്യുതി വിതരണ രംഗത്ത് സ്വകാര്യ പങ്കാളിത്തം വേണം എന്നതാണ് പദ്ധതിയിലെ പ്രധാന വ്യവസ്ഥ. അതു ഫ്രാഞ്ചൈസി രൂപത്തിലോ, പൊതു-സ്വകാര്യ പങ്കാളിത്ത രൂപത്തിലോ ആകാം.

ഇനി മുതല്‍ എല്ലാ വര്‍ഷവും നിരക്കു വര്‍ദ്ധന നടപ്പാക്കണം, വൈദ്യുതി കമ്പനികളുടെ റവന്യൂ കമ്മി നിരക്കു വര്‍ദ്ധനയിലൂടെ അടുത്ത മൂന്നു വര്‍ഷം കൊണ്ട് പൂര്‍ണ്ണമായി ഇല്ലാതാക്കണം, പ്രസരണ-വിതരണ നഷ്ടം കുറയ്ക്കാന്‍ സംവിധാനം വേണം എന്നിവയാണ് മറ്റു പ്രധാന വ്യവസ്ഥകള്‍. ഇതെല്ലാം അംഗീകരിക്കാന്‍ തയ്യാറാണെന്ന് കേരളം കേന്ദ്രത്തെ അറിയിച്ചതായാണ് വിവരം.