കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സംഘര്‍ഷം

Webdunia
ബുധന്‍, 31 ഓഗസ്റ്റ് 2011 (11:18 IST)
PRD
PRO
കണ്ണൂര്‍ ഡിസിസി ഓഫീസില്‍ സംഘര്‍ഷം. ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണനെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ തടഞ്ഞുവച്ചു. കെ സുധാകരന്‍ എംപിയെ അനുകൂലിക്കുന്ന പ്രവര്‍ത്തകരാ‍ണ് രാമകൃഷ്ണനെതിരെ തടഞ്ഞത്.

സുധാകരനെതിരെ നടത്തിയ പ്രസ്താവനയില്‍ മാപ്പു പറയാതെ ഡിസിസി ഓഫീസില്‍ കയറ്റില്ലെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ രാമകൃഷ്ണനെ തടഞ്ഞത്. കെപിസിസി നിര്‍വാഹക സമിതി അംഗം എം നാരായണന്‍കുട്ടിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്.

കെ സുധാകരന്‍ ഡിസിസി പ്രസിഡന്റായത് പ്രവര്‍ത്തകരെ വിരട്ടിയും തോക്കും ബോംബും കാണിച്ചാണെന്ന് രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി രക്തസാക്ഷികളുടെ കുടുംബത്തെ സഹായിക്കാന്‍ പിരിച്ച പണം ചില നേതാക്കള്‍ പോക്കറ്റിലാക്കിയെന്നും കെ സുധാകരന്‍ എം പിയുടെ പേരു പറയാതെ പി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.

കണ്ണൂര്‍ ഡിസിസി ഓഫീസിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതിപ്പെടില്ലെന്ന് ഡിസിസി പ്രസിഡന്റ് പി രാമകൃഷ്ണന്‍ പറഞ്ഞു. തടഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്. അതിനല്‍ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.