കണ്ണൂര്‍ ചാല ബൈപാസില്‍ ഓടിക്കൊണ്ടിരുന്ന എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. 35 പേര്‍ക്കു പൊള്ളലേറ്റു. ഇതില്‍ 14 പേരുടെ നില അതീവഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റ് ചിലര്‍ കൊയ്‌ലി ആശുപത്രിയിലും എകെജി ആശുപത്രിയിലും ചികിത്സയിലാണ്. ചാല ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലത (50) രാവിലെയാണ് മരിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.
തിങ്കളാഴ്ച അര്‍ധരാത്രിയോടെ ചാല ക്ഷേത്രത്തിനു സമീപമാണു സംഭവം നടന്നത്. കോഴിക്കോട്ടു നിന്ന് കണ്ണൂരിലേയ്ക്ക് വരികയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടിയാണ് മറിഞ്ഞതെന്നാണ് സംശയിക്കുന്നത്. ഡിവൈഡറില്‍ റിഫ്ളക്റ്റര്‍ ഉണ്ടായിരുന്നില്ല. അപകടം നടന്ന ഉടന്‍ തന്നെ ടാങ്കറിന്റെ ഡ്രൈവര്‍ ഓടി രക്ഷപെട്ടു.
പ്രദേശത്ത് ഉഗ്രസ്ഫോടനമുണ്ടായതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പരിസരത്തെ അഞ്ചു വീടുകല്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തിനശിച്ചു. വാഹനങ്ങള്‍ക്കും കടകള്‍ക്കും തീപിടിച്ചു. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ പൊലീസ് ഒഴിപ്പിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുള്ള മൂന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്.