കണ്ടല്‍ പാര്‍ക്ക് നിര്‍മ്മിതികള്‍ പൊളിക്കാന്‍ നീക്കം

Webdunia
ബുധന്‍, 24 നവം‌ബര്‍ 2010 (11:58 IST)
പാപ്പിനിശ്ശേരിയിലെ കണ്ടല്‍ പാര്‍ക്ക് പൊളിക്കാന്‍ അധികൃതര്‍ ആലോചിക്കുന്നു. പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റി നല്‍കിയ കേസില്‍ ഡിസംബര്‍ 13നാണ് ഹൈക്കോടതി അന്തിമവാദം കേള്‍ക്കുന്നത്. അന്തിമവാദത്തിന്‍റെ തീരുമാനം അറിഞ്ഞശേഷമായിരിക്കും കേന്ദ്രവനംപരിസ്ഥിതി മന്ത്രാലയത്തിന്‍റെ ഉത്തരവനുസരിച്ചുള്ള പൊളിച്ചുമാറ്റല്‍ നടപ്പാക്കുക.

പാര്‍ക്കിലെ നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി പൂര്‍വ്വസ്ഥിതിയിലാക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് തീരദേശ മാനേജ്‌മെന്‍റ് അതോറിറ്റി ജില്ലാകളക്ടറോട് അന്വേഷിച്ചിരുന്നു. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി തഹസില്‍ദാര്‍ പാര്‍ക്ക് സന്ദര്‍ശിച്ചിരുന്നു.

പാര്‍ക്ക് പൊളിക്കുന്നതിനാവശ്യമായി വരുന്ന ചെലവ് തിട്ടപ്പെടുത്തുകയാണ് പ്രധാനം. ഇത് ടൂറിസം സൊസൈറ്റിയില്‍ നിന്ന് ഈടാക്കാനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം.

എന്നാല്‍ ഇതിനെക്കുറിച്ച് സൊസൈറ്റിക്ക് ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് സൊസൈറ്റി വൈസ് പ്രസിഡന്‍റ് എ വി അജയകുമാര്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവനുസിച്ച് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല എന്നാണ് സൊസൈറ്റിയുടെ വാദം.