'കണ്ടല്‍പാര്‍ക്ക് ഒരാഴ്ചയ്ക്കകം പൊളിച്ചുനീക്കണം'

Webdunia
ബുധന്‍, 6 ഒക്‌ടോബര്‍ 2010 (17:42 IST)
പാപ്പിനിശേരിയിലെ വിവാദ കണ്ടല്‍പാര്‍ക്ക്‌ ഒരാഴ്ചയ്ക്കകം പൊളിച്ചു നീക്കണമെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടു. തീരദേശപരിപാലന നിയമം ലംഘിച്ചായിരുന്നു കണ്ടല്‍ പാര്‍ക്കിന്‍റെ പ്രവര്‍ത്തനമെന്നും മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, കണ്ടല്‍ പാര്‍ക്ക് കണ്ടല്‍ സംരക്ഷണത്തിനായുള്ളതാണെന്ന് കാണിച്ച് സൊസൈറ്റി പുറപ്പെടുവിച്ച ലഘുലേഖ ഉടന്‍ പിന്‍വലിക്കണമെന്നും വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റിക്കാണു കണ്ടാല്‍ പാര്‍ക്ക് പൊളിച്ചു നീക്കണമെന്ന നിര്‍ദേശം നല്‍കിയിരിക്കുന്നത്. പരിസ്ഥിതിക്കു ദോഷകരമായ പ്രവര്‍ത്തനങ്ങളാണു നടന്നതെന്നും ഒരാഴ്ചയ്ക്കകം പാര്‍ക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചു മാറ്റണമെന്നും നിര്‍ദേശമുണ്ട്.

നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി പാര്‍ക്കിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി നിര്‍ത്തി വയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ നാലാഴ്ചകളില്‍ പാര്‍ക്ക് പ്രവര്‍ത്തിച്ചതായി മന്ത്രാലയം കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവുകള്‍ പരിസ്ഥിതി മന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ചു സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക വിശദീകരണം തേടിയതിനു ശേഷമാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി.

കെ സുധാകരന്‍ എംപിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു കണ്ടല്‍ പാര്‍ക്കിനെതിരേ കേന്ദ്രം ആദ്യ നടപടി സ്വീകരിച്ചത്.