കണമലയില്‍ ലോറിയപകടം; 11 മരണം

Webdunia
ചൊവ്വ, 12 ജനുവരി 2010 (20:58 IST)
PRO
എരുമേലിക്കടുത്ത് കണമലയില്‍ ലോറി മറിഞ്ഞ് 11 പേര്‍ മരിച്ചു. ആന്ധ്രയില്‍ നിന്നുള്ളവരാണ് മരിച്ചത്. ആന്ധ്രയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്. 45 പേര്‍ ലോറിയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.

ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് അപകടമുണ്ടായത്. ലോറിയുടെ പ്ലാറ്റ് ഫോമില്‍ മണല്‍ച്ചാക്കുകള്‍ നിറച്ച ശേഷം അതിനു മുകളിലാണ് തീര്‍ത്ഥാടകരെ കയറ്റിയിരുന്നത്. ലോറി മറിഞ്ഞപ്പോള്‍ മണല്‍ച്ചാക്കുകള്‍ക്ക് അടിയില്‍ പെട്ടാണ് കൂടുതല്‍ പേരും മരിച്ചത്. ആറു പേര്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രണ്ടു പേരും മറ്റ് മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കണമലയില്‍ ഉണ്ടായ ബസ് അപകടത്തില്‍ 16 ആന്ധ്രാ സ്വദേശികള്‍ മരിച്ചിരുന്നു. അന്ന് അപകടമുണ്ടായ വലിയവളവില്‍ നിന്ന് 250 മീറ്റര്‍ മുകളിലായാണ് ചൊവ്വാഴ്ച അപകടമുണ്ടായത്. അമിത വേഗത മൂലമാണ് അപകടമുണ്ടായതെന്ന് കരുതുന്നു.

മരിച്ചവരില്‍ എട്ടു പേരുടെ മൃതദേഹം എരുമേലി താലൂക്ക് ആശുപത്രിയിലും മൂന്നു പേരുടെ മൃതദേഹം കാഞ്ഞിരപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലുമാണുള്ളത്.