കടവൂര്‍ കാരണം വെളിപ്പെടുത്തണം: പിണറായി

Webdunia
ഞായര്‍, 22 ഫെബ്രുവരി 2009 (13:44 IST)
PROPRO
മുന്‍ വൈദ്യുത മന്ത്രി കടവൂര്‍ ശിവദാസന്‍ ലാവ്‌ലിന്‍ ധാരണാപത്രം പുതുക്കാതിരുന്നത് രഹസ്യ അജണ്ടയോടെയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നവകേരളയാത്രയോടനുബന്ധിച്ച് കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ധാരണാപത്രം പുതുക്കാതിരുന്നതിന്‍റെ പിന്നിലുള്ള കാരണം കടവൂര്‍ ശിവദാസന്‍ വെളിപ്പെടുത്തണം. ഇതു മൂലം സംസ്ഥാനത്തിനു നഷ്‌ടപ്പെട്ടത്‌ ഒരു ക്യാന്‍സര്‍ സെന്‍ററാണെന്നും അദ്ദേഹം ആരോപിച്ചു‌.

ലാവ്‌ലിന്‍ കേസ് രാഷ്‌ട്രീയ പ്രേരിതമാണെന്ന് സി പി എം പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് വസ്‌തുതകളുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി കാര്യങ്ങള്‍ പറഞ്ഞത്. ഇത് സി ബി ഐക്ക് മനസ്സിലായിട്ടുണ്ടാകും എന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന് വിധേയമായി സി ബി ഐ പ്രവര്‍ത്തിക്കരുതെന്നും പിണറായി ആവശ്യപ്പെട്ടു.

ലാവലിന്‍ വിഷയത്തില്‍ മുന്‍മന്ത്രി എസ് ശര്‍മയുടെ പ്രസ്‌താവനയെക്കുറിച്ച്‌ കൂടുതല്‍ അറിയില്ല. മന്ത്രിയുടെ മുന്നില്‍വന്ന കുറിപ്പിന്‍മേല്‍ സ്വീകരിച്ച നടപടിയെക്കുറിച്ചാണ്‌ ശര്‍മ പറഞ്ഞത്‌. ഇതിന്‍റെ വിശദാംശങ്ങള്‍ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.