കടല്‍ക്കൊല: സായിപ്പിനെ കണ്ടപ്പോള്‍ ബന്ധുക്കള്‍ കവാത്ത് മറന്നെന്ന് കോടതി

Webdunia
വെള്ളി, 27 ഏപ്രില്‍ 2012 (15:17 IST)
PRO
PRO
കടലില്‍ വെടിയേറ്റുമരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ക്ക്‌ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസില്‍ കക്ഷി ചേര്‍ന്ന ശേഷം നടപടി പിന്‍വലിച്ചതിനെയാണ്‌ കോടതി വിമര്‍ശിച്ചത്‌. ബന്ധുക്കള്‍, സായിപ്പിനെ കണ്ടപ്പോള്‍ കവാത്തു മറുന്നുവോ എന്ന്‌ കോടതി ചോദിച്ചു.

കോടതിയുടെ വിലപ്പെട്ട സമയം നഷ്ടമാക്കിയെന്നും കോടതി പറഞ്ഞു. ക്രിമിനല്‍ കേസില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. വെടിവയപ്‌ കേസില്‍ കക്ഷി ചേരേണ്ടതില്ലെന്ന്‌ കോടതി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്‌. എന്നാല്‍ ഹര്‍ജിക്കാര്‍ അത്‌ ചെവിക്കൊണ്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ക്ക് ഇറ്റാലിയന്‍ അധികൃതര്‍ ഒരു കോടി രൂപ വീതം നഷ്‌ടപരിഹാരം നല്‍കിയതിനേത്തുടര്‍ന്നാണ് ഇവര്‍ കേസില്‍ നിന്ന് പിന്‍‌മാറിയത്. നീണ്ടകരയില്‍ കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്ന് വെടിയേറ്റു പിങ്കു, ജലസ്തി എന്നിവരാണ് മരിച്ചത്.