കഞ്ചാവുമായി യുവാവ്‌ പിടിയില്‍

Webdunia
ചൊവ്വ, 12 മാര്‍ച്ച് 2013 (16:00 IST)
PRO
PRO
കോളേജുകളും സിനിമാ തീയേറ്ററുകളും കേന്ദ്രീകരിച്ച്‌ കഞ്ചാവ്‌ വിതരണം നടത്തിയ യുവാവ്‌ പിടിയില്‍. കടവൂരില്‍ കഞ്ചാവ്‌ ചില്ലറയായും മൊത്തമായും കച്ചവടം ചെയ്തുവന്നിരുന്ന അഞ്ചാലുംമൂട്‌ കടവൂര്‍ കളീക്കല്‍ അജിഭവനില്‍ അജി(32)യെ ആണ്‌ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി പോലീസ്‌ പിടികൂടിയത്‌. ഈസ്റ്റ്‌ എസ്‌ഐ: ജി ഗോപകുമാര്‍, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ അനന്‍ബാബു, ഹരിലാല്‍, സജിത്‌, സുനില്‍ എന്നിവരടങ്ങിയ സംഘം അര്‍ച്ചന- ആരാധനാ തീയേറ്ററിന്‌ സമീപത്തു നിന്നുമാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്‌.

തമിഴ്‌നാട്ടില്‍ തേനി ജില്ലയില്‍ നിന്ന്‌ ആഴ്ചയില്‍ 15 കിലോഗ്രാം കഞ്ചാവ്‌ വീതം ബസ്‌ മാര്‍ഗം കൊല്ലത്തേക്ക്‌ കടത്തിയാണ്‌ പ്രതി കച്ചവടം ചെയ്തുകൊണ്ടിരുന്നത്‌. രണ്ട്‌ ഗ്രാമിന്റെ ഒരു പൊതിക്ക്‌ 100 രൂപയാണ്‌ ഈടാക്കിയിരുന്നത്‌. കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌ ഏറിയപങ്കും ഉപഭോക്താക്കള്‍.

നേരത്തെ കഞ്ചാവ്‌ കൈവശം വച്ചതിനും വിറ്റതിനും ഇയാളുടെ പേരില്‍ അഞ്ചാലുംമൂട്‌ പോലീസ്സ്റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. പ്രതിയെ പിന്നീട്‌ റിമാന്റ്‌ ചെയ്തു.