ഒറ്റക്കയ്യനെ അവര്‍ കാത്തിരിക്കുന്നു, വന്നാല്‍ വിടില്ല!

Webdunia
ബുധന്‍, 9 ഫെബ്രുവരി 2011 (14:46 IST)
PRO
രാത്രികളില്‍ അവര്‍ ഉറങ്ങാറില്ല. പകല്‍ സമയങ്ങളില്‍ പലരും ജോലിക്കുപോലും പോകുന്നില്ല. ആ സമയത്തെങ്ങാനും പൊലീസ് അവനെയും കൊണ്ട് വന്നാലോ? തങ്ങളുടെ മുന്നില്‍ കിട്ടിയാല്‍ തിരിച്ചുകൊണ്ടുപോകാന്‍ ബാക്കിവച്ചേക്കില്ലെന്ന രോഷപ്രകടനമാണ് ഓരോരുത്തരുടെയും മുഖത്ത്. ഇവര്‍ ചെറുതുരുത്തിയിലെയും വള്ളത്തോള്‍ നഗര്‍ റയില്‍‌വെ സ്റ്റേഷന്‍ പരിസരത്തെയും നാട്ടുകാര്‍. കണ്ണുനട്ട് കാത്തിരിക്കുകയാണിവര്‍, പൊലീസ് ഒറ്റക്കയ്യനെ തെളിവെടുപ്പിന് കൊണ്ടുവരുന്ന സമയവും കാത്ത്.

അക്രമം നടന്നിട്ടും സൌമ്യ എന്ന പാവം പെണ്‍കുട്ടിയുടെ ജീവന്‍ പൊലിഞ്ഞിട്ടും ദിവസങ്ങളായി. എന്നാല്‍ ഈ നാട്ടുകാരുടെ ഉള്ളിലെ രോഷാഗ്നിയുടെ ചൂട് ഇനിയും കുറഞ്ഞിട്ടില്ല. സംഭവമുണ്ടായ റയില്‍‌വെ ട്രാക്കിനു സമീപത്തും പരിസരപ്രദേശങ്ങളിലും നാട്ടുകാര്‍ രാവിലെ എത്തി കാവല്‍ തുടങ്ങും. രാത്രിയിലും ഇത് തുടരുകയാണ്‌. അപരിചിതരായി ആരെയെങ്കിലും കണ്ടാല്‍ അവരോട് രൂക്ഷമായാണ് നാട്ടുകാര്‍ പ്രതികരിക്കുന്നത്. ‘ആരെയും വിശ്വസിക്കാന്‍ വയ്യ. വികലാംഗരെയോ പ്രായമായവരെയോ ഒന്നും’ - നാട്ടുകാര്‍ പറയുന്നു.

സൌമ്യ വധക്കേസിലെ പ്രതി ഒറ്റക്കയ്യന്‍ ഗോവിന്ദസ്വാമിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കുകയാണ്. ജനങ്ങള്‍ കാവല്‍ നില്‍ക്കുന്നതുകാരണം സംഭവം നടന്ന വള്ളത്തോള്‍ നഗര്‍ റയില്‍‌വെ സ്റ്റേഷന്‍ പരിസരത്ത് തെളിവെടുപ്പിനായി ഒറ്റക്കയ്യനെ കൊണ്ടുവരാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉടന്‍ തെളിവെടുപ്പിനായി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ജനങ്ങള്‍ പലതവണ ചേലക്കര പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചു. തെളിവെടുപ്പിന് കൊണ്ടുവരാമെന്ന് പൊലീസ് ഉറപ്പുനല്‍കിയ ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞുപോയത്. എന്നാല്‍ തെളിവെടുപ്പിന് കൊണ്ടുവന്നാല്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ ഓര്‍ത്ത് പൊലീസ് നിസഹായാവസ്ഥയിലാണ്.

ഇടയ്ക്കിടെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് ചേലക്കര സ്റ്റേഷനിലെത്തി ബഹളം വയ്ക്കും. ഒറ്റക്കയ്യനെ തങ്ങള്‍ക്കൊന്നു കാണണം - അതാണ് അവരുടെ ആവശ്യം. എന്നാല്‍ മിക്കപ്പോഴും ജനങ്ങളെ സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കുകയാണ് പൊലീസ് ചെയ്യുന്നത്. ഒരു പ്രതിയുടെ മേല്‍ ഇതിനുമുമ്പൊരിക്കലും ഇത്രയും ജനരോഷമുണ്ടായിട്ടില്ല എന്ന് പൊലീസ് തന്നെ പറയുന്നു. തന്‍റെ സര്‍വീസില്‍ തന്നെ ഇത്രയും ക്രൂരമായ ഒരു സംഭവം ആദ്യമാണെന്നാണല്ലോ എ ഡി ജി പി മഹേഷ് കുമാര്‍ സിംഗ്ല പോലും പ്രതികരിച്ചത്.