ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ഇത് പ്രതീക്ഷിച്ചതല്ല: ഹൈക്കോടതി

ബുധന്‍, 23 ഓഗസ്റ്റ് 2017 (07:28 IST)
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. മാനേജുമെന്റുകളുടെ കയ്യിലെ കളിപ്പാവകളായി സര്‍ക്കാര്‍ മാറുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്നും ഫ്യുഡല്‍ സമീപനം പ്രതീക്ഷിച്ചില്ലെന്നും കോടതി വ്യക്തമാക്കി.
 
വിഷയത്തില്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ ഇടക്കാല ഉത്തരവ് പുറത്തിറക്കി. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടും നല്‍കി പ്രവേശനം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 31ന് അകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 27ന് അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ച് 31ന് ഉള്ളില്‍ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
 
സ്വാശ്രയ വിഷയത്തില്‍ ചില കോളേജുകളെ സഹായിക്കാനായി സര്‍ക്കാര്‍ ശ്രമം നടക്കുന്നതായി കോടതിക്ക് സംശയമുണ്ടെന്നും ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടതി താക്കീത് നല്‍കി. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും സ്ഥിതിഗതികള്‍ സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍