കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച ജിഷ കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. നിയമവിദ്യാര്‍ത്ഥിനി ആയിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസ് പൊലീസിനെ സ്വാധീനിച്ച് അട്ടിമറിക്കുകയായിരുന്നുവെന്നും ഇതിന് കൂട്ടുനിന്നത് കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചനാണെന്നും ജിഷയുടെ അമ്മ രാജേശ്വരി വെളിപ്പെടുത്തി. രാജേശ്വരി ഇക്കാര്യം തന്നോട് പറഞ്ഞുവെന്ന് ജോമോന് പുത്തന്‍ പുരക്കലാണ് ഇപ്പോള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ജനം ടിവിയിലെ മറുപടി എന്ന പരിപാടിയില്‍ ആണ് ജോമോന് ഇക്കാര്യം പറഞ്ഞത്. ജിഷ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകളാണെന്നും സ്വത്തില്‍ അവകാശം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളാണ് ജിഷയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും ജോമോന് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം പൂര്‍ണമായും തള്ളി തങ്കച്ചനും പോലീസിന് പരാതി നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്ക് താന്‍ നല്കിയ പരാതിയില്‍ ഒരിടത്തും പിപി തങ്കച്ചന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍, ആ ഉന്നത നേതാവ് താനാണ് എന്ന രിതിയില്‍ പത്രസമ്മേളനം നടത്തിയത് പിപി തങ്കച്ചന് തന്നെയാണെന്നും മറുപടിയില്‍ ജോമോന് പറയുന്നു.
അതേസമയം തന്റെ ഭാര്യ രജേശ്വരി വര്‍ഷങ്ങളോളം പിപി തങ്കച്ചന്റെ വീട്ടില്‍ ജോലിചെയ്തിരുന്നതാണെന്നും രാജേശ്വരിയെ അറിയില്ലെന്ന തങ്കച്ചന്റെ വാക്കുകള്‍ പച്ചക്കള്ളമാണെന്നും ജിഷയുടെ അച്ഛന് പാപ്പു പറയുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ജിഷ കേസില്‍ ശിക്ഷ അനുഭവിക്കുന്ന അമീറുള്‍ ഇസ്ലാം പ്രതിയല്ലെന്നും നിരപരാധിയാണെന്നുമുള്ള പ്രചരണം നടന്നിരുന്നു.