ഏത് കുമാരന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാലും അത് നിയമവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വയനാട്ടിലെ കല്‍പറ്റയില്‍ ഭൂസമര ഐക്യദാര്‍ഢ്യ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വീരേന്ദ്രകുമാര്‍ മുന്നണിയില്‍ ഉണ്ടായിരുന്നപ്പോഴും അതിന് ശേഷവും ഭൂമി കയ്യേറ്റം സംബന്ധിച്ച് ഇടതുമുന്നണി ഒരേനിലപാടായിരുന്നു സ്വീകരിച്ചതെന്ന് പിണറായി ചൂണ്ടിക്കാട്ടി.
ഏത് കുമാരന്‍മാരായാലും അത് വീരേന്ദ്രകുമാറായാലും ശ്രേയാംസ്കുമാറായാലും അവര്‍ക്ക് നിയമവിരുദ്ധമായി ഭൂമി കയ്യേറാന്‍ അവകാശമില്ല. അര്‍ഹതയില്ലാത്ത ഭൂമിയില്‍ ഒരിഞ്ചു സ്ഥലം പോലും നിങ്ങള്‍ക്ക് അവകാശപ്പെട്ടതല്ലെന്ന് ഭൂപ്രമാണിമാരോട് വിളിച്ചുപറയുന്നതാണ് വയനാട്ടിലെ സമരമെന്ന് പിണറായി പറഞ്ഞു.
വയനാട്ടിലെ സമരം കയ്യേറ്റസമരമല്ലെന്ന പ്രഖ്യാപനത്തോടെയാണ് പിണറായി പ്രസംഗം ആരംഭിച്ചത്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമിക്ക് വേണ്ടിയുള്ള സമരമാണിത്. അത് കയ്യേറ്റസമരമായി പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ഭൂപ്രമാണിമാരാണ് ഭൂമി കയ്യേറി വെച്ചിരിക്കുന്നതെന്നും ഒരു വന്‍ സമരത്തിന്‍റെ തുടക്കമാണ് വയനാട്ടിലേതെന്നും പിണറായി പറഞ്ഞു.
വയനാട്ടിലെ ഭൂസമരം സിപിഎം സംസ്ഥാന നേതൃത്വം ഏറ്റെടുത്തുകൊണ്ടുള്ള പരസ്യപ്രഖ്യാപനമായിട്ടാണ് പിണറായിയുടെ വാക്കുകള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വ്യാഖ്യാനിക്കുന്നത്. സംസ്ഥാന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശത്തോടെ പാര്‍ട്ടി ജില്ലാ ഘടകമാണ് ഇതുവരെ സമരത്തിന് മുന്നില്‍ നിന്നിരുന്നത്.