ഏതു വകുപ്പ് ലഭിച്ചാലും സന്തോഷം: പിള്ള

Webdunia
ചൊവ്വ, 27 ജൂലൈ 2010 (12:57 IST)
PRO
ഏതു വകുപ്പ് ലഭിച്ചാലും തനിക്ക് സന്തോഷമാണെന്ന് വി സുരേന്ദ്രന്‍ പിള്ള എം എല്‍ എ. പിള്ളയെ മന്ത്രിയാക്കാനുള്ള ഇടതുമുന്നണിയോഗത്തിന്‍റെ തീരുമാനം അറിഞ്ഞതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ പൊതുവായ വികസനവുമായി ബന്ധപ്പെട്ട് ഏത് ഉത്തരവാദിത്തം ഏല്പിച്ചാലും അത് ഏറ്റെടുത്ത് മുന്നോറ്റു പോകുമെന്നും പിള്ള പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മുന്നണി വിട്ടപ്പോള്‍ ഒപ്പം നിന്നതിനുള്ള അംഗീകാരമായാണ് മന്ത്രിസ്ഥാനത്തെ കാണുന്നതെന്നും പിള്ള പറഞ്ഞു. എന്നാല്‍, ഇത് മുന്നണിയുടെ പ്രതിഫലം അല്ലെന്നും പ്രതിഫലം നല്കാന്‍ മാത്രം നിര്‍ണായക ഘട്ടങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുവട്ടം നറുക്കെടുപ്പിലുടെ നഷ്ടമായ മന്ത്രിസ്ഥാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നറുക്കെടുപ്പിലുടെയല്ല മന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്നത് എന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്നും പിള്ള പറഞ്ഞു. വകുപ്പ് തീരുമാനിക്കെണ്ടത് മുഖ്യമന്ത്രിയാണ്. ഏതു വകുപ്പായാലും നാടിന്‍റെ പൊതുവായ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കും. ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായിട്ടാണ് സംഭവിച്ചിരിക്കുന്നത്. നറുക്കെടുപ്പിലൂടെ മന്ത്രിയല്ലാതെയായതും ആകസ്മികമായിട്ടായിരുന്നെന്നും സുരേന്ദ്രന്‍ പിള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.