എസ്എന്‍സി ലാവ്‌ലിന്‍: പിണറായിക്കെതിരേ കൂടുതല്‍ തെളിവുകള്‍

Webdunia
വ്യാഴം, 3 ഒക്‌ടോബര്‍ 2013 (18:57 IST)
PRO
PRO
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ കൂടുതല്‍ തെളിവുകളുമായി സിബിഐ. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിന് പകരമല്ല മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായമെന്ന പിണറായി വിജയന്റെ വാദം തെറ്റാണെന്ന് സിബിഐ കോടതിയില്‍ വാദിച്ചു. ധനസഹായവുമായി ബന്ധപ്പെട്ട് രണ്ട് കത്തുകള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ വാദം തുടരുന്നു.

പള്ളിവാസല്‍ ചെങ്കുളം പന്നിയാര്‍ പദ്ധതികള്‍ക്ക് പകരമല്ല മലബാര്‍ ക്യാന്‍സര്‍ സെന്ററിനുള്ള ധനസഹായം എന്നായിരുന്നു വിടുതല്‍ ഹര്‍ജിയില്‍ പിണറായി വിജയന്റെ പ്രധാന വാദം ഇത് ഖണ്ഡിച്ചുകൊണ്ട് രണ്ട് കത്തുകളാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയത്. ക്യാന്‍സര്‍ സെന്ററിനു നൂറ് കോടി രൂപ ധനസഹായം ലഭ്യമാക്കുന്നതിനു താന്‍ മുന്‍കൈ എടുത്തെന്നറിയിച്ച് പിണറായി അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാര്‍ക്കയച്ച കത്തും പള്ളിവാസല്‍ സെങ്കുളം പന്നിയാര്‍ പദ്ധതികളുടെ നവീകരണത്തിനു പകരമായി ധനസഹായം ലഭ്യമാക്കാമെന്ന് അറിയിച്ച് പിണറായിക്ക് ലാവ്‌ലിന്‍ അയച്ച കത്തുമാണ് ഹാജരാക്കിയത്.

ഇതിനുപുറമെ മന്ത്രിയായിരിക്കെ പിണറായിയുടെ ചേമ്പറില്‍ ഗൂഢാലോചന നടന്നെന്നും സിബിഐ ആരോപിച്ചു. പിണറായിക്കു പുറമെ ക്ലൗസ് ടെന്റിലും അന്നത്തെ ബോര്‍ഡ് ചെയര്‍മാന്‍ മോഹന ചന്ദ്രനും ചേര്‍ന്ന് കരാറിന് ഭാഗികമായി അംഗീകാരം നല്‍കികൊണ്ട് ഗൂഢാലോചന നടത്തിയെന്നാണ് ആരോപിച്ചത്. കരാറിന് ആഗോള ടെന്റര്‍ വിളിക്കണമെന്ന ധനകാര്യവകുപ്പിന്റെ നിര്‍ദ്ദേശം ഊര്‍ജ്ജവകുപ്പ് രണ്ട് തവണ അവഗണിച്ചു ഇതിനു പുറമെ വിദേശ ധനസഹായം ലഭ്യമാക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദ്ദേശവും ലംഘിച്ചതായി സിബിഐ കോടതിയെ അറിയിച്ചു.