നിലവില്‍ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള എല്ലാ ജീവനക്കാരുടേയും പെന്‍ഷന്‍പ്രായം ഉയര്‍ത്താന്‍ നീക്കം. ഏപ്രില്‍ ഒന്നിനു ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്കാണ് നേരത്തെ പെന്‍ഷന്‍ അറുപതാക്കാന്‍ തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ എല്ലാ ജീവനക്കാര്‍ക്കും ഉപാധികളോടെ പെന്‍ഷന്‍ പ്രായം അറുപത് ആക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.
പെന്‍ഷന്‍ ആനുകൂല്യത്തിന് 56 വയസ്സുവരെയുള്ള സര്‍വ്വീസ് മാത്രമേ പരിഗണിക്കുകയുള്ളു. എതിര്‍പ്പുള്ളവര്‍ക്ക് 56 വയസ്സില്‍ വിരമിക്കാം. കെഎം മാണി രണ്ടാം ബജറ്റ് അവതരിപ്പിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് പെന്‍ഷന്‍ പ്രായം ഏപ്രില്‍ ഒന്നിന് ശേഷം സര്‍വ്വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് അറുപതായി ഉയര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നത്.
ഇതുസംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. തീരുമാനത്തെ എന്‍ജിഒ യൂണിയന്‍ അപലപിച്ചപ്പോള്‍ എന്‍ജിഒ അസോസിയേഷന്‍ സ്വാഗതം ചെയ്തു. അതേസമയം, സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുമെന്ന് ഡി വൈ എഫ് ഐ അറിയിച്ചു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ നീക്കം.