ആത്മവിശ്വാസം തുളുമ്പുന്ന മലയാളി സുന്ദരികള്‍ക്കിടയില്‍ നിന്ന് ഹെയ്‌റോമാക്‌സ് മിസ് കേരള -2011 ആയി കൊച്ചി സ്വദേശിനിയായ എലിസബത്ത് താടിക്കാരനെ തെരഞ്ഞെടുത്തു. അഭിമുഖ റൌണ്ടിലെ പ്രകടനവും ഫാഷന്‍ വെയര്‍ റൌണ്ടുകളിലെ മികവുമാണ് എലിസബത്തിനെ മിസ്കേരള-2011 കിരീടമണിയിച്ചത്. കഴിഞ്ഞദിവസം രാത്രി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 19 സുന്ദരിമാരെ പിന്തള്ളിയാണ് എലിസബത്ത് സുന്ദരിപട്ടം ചൂടിയത്. കൊച്ചിയില്‍ നിന്നുള്ള ശ്രുതി നായര്‍ ഫസ്റ്റ് റണ്ണര്‍ അപ്പും, പൂനെയില്‍ താമസിക്കുന്ന മലയാളിയായ മരിയ ജോണ്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.
മത്സരത്തില്‍ മിസ് ഫോട്ടോജനിക് ആയി മരിയ ജോണ്‍, ശിഖ സന്തോഷ്(ബ്യൂട്ടിഫുള്‍ വോയ്‌സ്), നിമിഷ ശിവറാം(ബ്യൂട്ടിഫുള്‍ സ്‌കിന്‍), സഞ്ജന കുമാര്(ബ്യൂട്ടിഫുള്‍ ഐസ്), തൃപ്തി എസ് (മിസ് ടാലന്‍റഡ്), നിഖിത നായര്‍(മിസ് കണ്‍ജീനിയാലിറ്റി) എന്നിവര്‍ ഉപപട്ടങ്ങള്‍ കരസ്ഥമാക്കി.
സാരി, പാര്‍ട്ടി വെയര്‍, ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളിലായിട്ടായിരുന്നു ഫൈനല്‍ മത്സരം. സിനിമാ താരം പൂര്‍ണിമ ഇന്ദ്രജിത്ത്, അന്താരാഷ്ട്ര മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുസഫില്‍, ഫാഷന്‍ ഡിസൈനര്‍ അസ്പിത മാര്‍വ, 2010 ലെ 'മിസ് ഇന്ത്യ' നേഹ ഹിംഗെ, മോഡല്‍ അര്‍ഷിത ത്രിവേദി, ബോളിവുഡ് സംവിധായകന്‍ റോഷന്‍ അബ്ബാസ്, മലയാള സിനിമാ സംവിധായകന്‍ സിദ്ദിഖ് തുടങ്ങിയവരായിരുന്നു വിധികര്‍ത്താക്കള്‍.