എന്നെ ഒന്നാം പ്രതിയാക്കാന്‍ ശ്രമം: മദനി

Webdunia
വ്യാഴം, 17 ജൂണ്‍ 2010 (18:26 IST)
PRO
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ തന്നെ ഒന്നാം പ്രതിയാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പി ഡി പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി പറഞ്ഞു. കൊല്ലം അന്‍വാര്‍ശ്ശേരിയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 31ാ‍ം പ്രതിയായ തന്നെ ഒന്നാം പ്രതിയാക്കാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ അതില്‍ തീര്‍പ്പാകുന്നതുവരെ കാത്തിരിക്കും.

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലെ പോലെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും പൊലീസ്‌ വ്യാജസാക്ഷികളെ സൃഷ്ടിക്കുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസ്‌ നാടകത്തിന്‍റെ തനിയാവര്‍ത്തനമാണ്‌ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലും നടക്കുന്നത്. ഈ മാസം 23നകം തന്നെ അറസ്റ്റു ചെയ്തു ഹാജരാക്കാനാണ്‌ കോടതി നിര്‍ദ്ദേശമെന്ന്‌ മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാല്‍ തനിക്ക് ഇതു സംബന്ധിച്ച്‌ യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും മദനി പറഞ്ഞു.

കൃത്രിമ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തും വ്യാജ സാക്ഷികളെ ഉപയോഗിച്ചുമാണ്‌ ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ പുതിയ കുറ്റപത്രം രൂപപ്പെടുത്തിയിരിക്കുന്നത്‌. ജാമ്യം നിഷേധിക്കുകയാണെങ്കില്‍ കോടതിയെ ബഹുമാനിക്കുന്ന ആളെന്ന നിലയ്ക്ക്‌ ഹാജരാകുമെന്നും മദനി പറഞ്ഞു. അതേസമയം, മദനിയുടെ ജാമ്യാപേക്ഷ ശനിയാഴ്ച ബാംഗ്ലൂരിലെ അതിവേഗ കോടതി പരിഗണിക്കും.