എഡിജിപി ഹേമചന്ദ്രന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ശിപായിയാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സോളാര്‍ തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ഹേമചന്ദ്രന്‍ മുഖ്യമന്ത്രിയുടെ ശിപായിയായി മാറുന്നത് ശരിയല്ലന്നാണ് പിണറായി പറഞ്ഞത്.
കേസിലെ ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഉമ്മന്‍ചാണ്ടി ഉണ്ടോ എന്നത് തര്‍ക്കവിഷയമല്ലെന്നും മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുക എന്നതാണ് അന്വേഷണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
ഹൈക്കോടതിയില്‍ സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഹേമചന്ദ്രന്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളായ ജിക്കു മോന്‍, സലിംരാജ് എന്നിവര്‍ക്കെതിരെ തെളിവുകളില്ലെന്നും അതിനാലാണ് ഇവര്‍ക്കെതിരെ അന്വേഷണം വേണ്ടെന്നു വെച്ചതെന്ന് എഡിജിപി കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സോളാര്‍തട്ടിപ്പുകേസില്‍ അസംബന്ധജഡിലമായ കാര്യങ്ങള്‍ കോടതിയെ ധരിപ്പിച്ച എഡിജിപി ഹേമചന്ദ്രന്‍ പണിമതിയാക്കി പോകുന്നതാണ് നല്ലതെന്ന് പറഞ്ഞ് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാരും പോലീസും കരുനീക്കങ്ങള്‍ നടത്തുകയാണെന്നും വിഎസ് ആരോപിച്ചു.
തന്റെ യജമാനനെ രക്ഷിക്കാന്‍ വേണ്ടി എഡിജിപി പച്ചക്കള്ളങ്ങള്‍ കോടതിയില്‍ പറയുകയാണെന്നും വിഎസ് ആരോപിച്ചു. അസംബന്ധ ജഡിലമായ കാര്യങ്ങള്‍ കോടതിയില്‍ നിരത്തിയ എഡിജിപി സ്വയം പരിഹാസ്യനാകുകയാണ്. ഐപിഎസ് പദവിയുടെ മാന്യതയും അന്തസും ഈ ഉദ്യോഗസ്ഥന്‍ കളഞ്ഞുകുളിച്ചു.
തന്റെ രഹസ്യമൊഴി പുറത്തുവിടാനുള്ള ശ്രീധരന്‍നായരുടെ വെല്ലുവിളി ഏറ്റെടുക്കുമോ എന്നും വിഎസ് ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കള്ളത്തട്ടിപ്പുകളുടെ വിഴുപ്പേറി ഹേമചന്ദ്രന്‍ ഇനിയും നാറാന്‍ നില്‍ക്കണമോ എന്നും വിഎസ് പ്രസ്താവനയില്‍ ചോദിച്ചു.