എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യ പീഡനം മൂലം

Webdunia
ശനി, 30 ജൂലൈ 2011 (17:35 IST)
PRO
PRO
തിരുവനന്തപുരം ഹോളി ഏഞ്ചല്‍‌സ് കോണ്‍വെന്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് പീഡനം മൂലമാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സ്കൂള്‍ വാനിന്റെ ഡ്രൈവറായ പ്രവീണ്‍‌കുമാര് ‍(30) ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

രണ്ട് ദിവസം മുമ്പാണ് പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണ്‍കുമാറും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നു എന്നാണ് സൂചന. ഇത് മുതലെടുത്ത് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് പോലും പീഡനം നടന്നതായാണ് റിപ്പോര്‍ട്ട്.

വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ ഡയറി പൊലീസ് കണ്ടെടുത്തിരുന്നു. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന ഡയറിക്കുറിപ്പില്‍ പ്രവീണ്‍കുമാറുമായുള്ള അടുപ്പത്തെകുറിച്ച് പറയുന്നുണ്ട്. ഇയാളുടെ മൊബൈലില്‍ നിന്ന് പെണ്‍കുട്ടിക്ക് അയച്ച ചില എസ് എം എസുകളും ഇക്കാര്യം ശരിവയ്ക്കുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പ്രവീണ്‍കുമാറിനെ പരിചയം ഉള്ളതിനാലാണ് ഇയാളുടെ വാഹനത്തില്‍ തന്നെ സ്കൂളില്‍ വിട്ടത്. ഇയാള്‍ മറ്റ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചിട്ടുണോ എന്ന് അന്വേഷിച്ചുവരികയാണ്.