എം എ ബേബിയ്ക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു

Webdunia
ഞായര്‍, 20 ജനുവരി 2013 (15:47 IST)
PRO
PRO
സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. ഉഡുപ്പി ശ്രീകൃഷ്ണ മഠത്തില്‍ സമരം ചെയ്തതിന്റെ പേരിലാണ് കേസ്. ഉടുപ്പിയിലെ അനാചാരത്തിനെതിരെ സിപിഎം നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ബേബിയുടെ പ്രസംഗം. സമരം ഉത്ഘാടനം ചെയ്തത് ബേബി ആയിരുന്നു.

ഉടുപ്പി കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ 'മടൈസ്നാന' എന്ന ചടങ്ങിനെതിരെ ആയിരുന്നു സമരം. ബ്രാഹ്മണര്‍ കഴിച്ച ഭക്ഷണത്തിന്റെ ഉച്ചിഷ്ഠത്തിന് മേല്‍ ദളിതര്‍ കിടന്ന് ഉരുളുന്ന ചടങ്ങാണിത്. ക്രമസമാധാനം തകര്‍ക്കുക, ജനങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

കേസിനെ നിയമപരമായി തന്നെ നേരിടുമെന്ന് ബേബി പ്രതികരിച്ചു. കേസ് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുള്‍ നാസര്‍ മഅദനിയ്ക്ക് ജാമ്യം നല്‍കാതെ ജയിലില്‍ അടയ്ക്കുകയും മാധ്യമപ്രവര്‍ത്തകയായ ഷാഹിനയ്‌ക്കെതിരെ കേസെടുക്കുകയും ചെയ്തത് പോലെയുള്ള നടപടിയാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.