എം എം മണിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

Webdunia
വ്യാഴം, 28 ജൂണ്‍ 2012 (11:08 IST)
PRO
PRO
സി പി എം മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയ്ക്കെതിരെ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മണിയുടെ പ്രസ്താവന മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്‌. പ്രതിയോഗികളെ വകവരുത്തുമെന്ന പ്രസംഗം ജനാധിപത്യധ്വംസനവും നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണ്‌. ഒരു രാഷ്‌ട്രീയക്കാരനും നിയമത്തിന്‌ അതീതനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ പ്രതിയോഗികകളെ വക വരുത്തിയിട്ടുണ്ടെന്ന മണിയുടെ വിവാദ പ്രസ്താവനയുടെ പേരിലായിരുന്നു പൊലീസ് എഫ് ഐ അര്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഹര്‍ജി തള്ളിയ സാഹചര്യത്തില്‍ മണിയോട്‌ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന്‌ ഹാജരാകാന്‍ ആവശ്യപ്പെടുമെന്ന്‌ അന്വേഷണ സംഘം അറിയിച്ചു.

അഞ്ചേരി ബേബി, ബാലസുബ്രഹ്മണ്യം, മുള്ളഞ്ചിറ മത്തായി എന്നിവരെ കൊലപ്പെടുത്തിയ കേസുകള്‍ പുനരന്വേഷിക്കാനുള്ള തീരുമാനം ചോദ്യം ചെയ്ത്‌ മണി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളി. പൊലീസിന്‌ കേസെടുക്കാന്‍ അധികാരമുണ്ടെന്ന്‌ കാണിച്ചാണ്‌ ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്‌.

മെയ് 25ന് തൊടുപുഴയ്ക്ക് സമീപം മണക്കാട് വെച്ചാണ് എം എം മണി വിവാദ പ്രസംഗം നടത്തിയത്. ഇതിന്‍‌മേല്‍ മൂന്ന് കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വിവാദപ്രസംഗത്തില്‍ 13 പേരെ കൊലപ്പെടുത്തിയെന്നാണ്‌ മണി പറഞ്ഞത്‌. ഇതില്‍ മൂന്നുപേരുടെ പേരുമാത്രമാണ്‌ വെളിപ്പെടുത്തിയത്‌. ഈ കേസുകള്‍ക്കൊപ്പം പട്ടികയില്‍ ശേഷിക്കുന്ന 10 പേര്‍ കൊലചെയ്യപ്പെട്ടോ എന്ന്‌ അന്വേഷിക്കാന്‍ പൊലീസിന്‌ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.