ഋഷിരാജ് സിംഗിനും ഫാന്‍സ് അസോസിയേഷന്‍

Webdunia
വ്യാഴം, 24 ഒക്‌ടോബര്‍ 2013 (16:39 IST)
PRO
PRO
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷി രാജ് സിംഗിനും ഫാന്‍സ് അസോസിയേഷനുകള്‍. തലസ്ഥാന നഗരിയിലെ വെള്ളയമ്പലത്ത് വലിയ ഹോര്‍ഡിംഗ് സ്ഥാപിച്ചായിരുന്നു അവിടത്തെ റസിഡന്‍സ് അസോസിയേഷന്‍ ഋഷിരാജ് സിംഗിനെ ആദരിച്ചത്. അതേസമയം മലയാള സിനിമയിലെ മെഗാസ്റ്റാറുകളിലൊന്നായ മോഹന്‍ ലാലും ഋഷി രാജ് സിംഗിന്റെ ഫാന്‍ എന്ന നിലയില്‍ തന്റെ ബ്ലോഗില്‍ അദ്ദേഹത്തെ പ്രകീര്‍ത്തിച്ച് എഴുതി.

ഇതിന്‍റെ ചുവടുപിടിച്ച് ബ്ലോഗുകളിലും ഫേസ് ബുക്കിലും നൂറുകണക്കിനു ആളുകള്‍ ഋഷിരാജ് സിംഗിന്റെ പേരില്‍ കവിതകളും അനുമോദനങ്ങളും കുറിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ധീരമായ നടപടികള്‍ ആയിരങ്ങളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നെന്നും മറ്റുമാണ്‌ അദ്ദേഹത്തെ പറ്റി പ്രകീര്‍ത്തിക്കുന്നത്.

മോഹന്‍ലാല്‍ തന്നെക്കുറിച്ച് ബ്ലോഗില്‍ എഴുതിയതില്‍ സന്തോഷമുണ്ടെന്ന് ഋഷിരാജ് സിംഗ് നേരിട്ടു സമ്മതിച്ചതും അദ്ദേഹത്തിന്റെ ആരാധകര്‍ക്കുള്ള ഹരം വര്‍ദ്ധിപ്പിച്ചിരിക്കുകയാണിപ്പോള്‍. സെലിബ്രിറ്റികള്‍ എഴുതുമ്പോള്‍ അത് ജനത്തെ കൂടുതല്‍ സ്വാധീനിക്കുമെന്നും തന്റെ സേവനം ജനനന്മയ്ക്കായി കൂടുതല്‍ ഭംഗിയായി നിര്‍വഹിക്കുമെന്നുമാണു ഋഷിരാജ് സിംഗ് പ്രതികരിച്ചത്.

നിയമം നടപ്പിലായി കാണുന്നതില്‍ സാധാരണക്കാര്‍ താത്പര്യം പ്രകടിപ്പിക്കുന്നതിന്റെ തെളിവാണ്‌ തന്റെ പേരില്‍ ജനം ബ്ലോഗുകളിലും മറ്റും എഴുതുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായാലും ഫാന്‍സ് അസോസിയേഷനുകള്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിക്കും എന്നു തന്നെയാണ്‌ മിക്ക സ്ഥലങ്ങളില്‍ നിന്നുമുള്ള സൂചനകള്‍.