ഉപസമിതിയുടെ സന്ദര്‍ശനം പ്രഹസനം: ചെന്നിത്തല

Webdunia
ശനി, 30 ജനുവരി 2010 (20:49 IST)
PRO
മന്ത്രിസഭാ ഉപസമിതിയുടെ മൂന്നാര്‍ സന്ദര്‍ശനം പ്രഹസനമായിരുന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല ആരോപിച്ചു. ടാറ്റ കയ്യേറിയ ഒരു സെന്‍റു ഭൂമി പോലും പിടിച്ചെടുക്കാന്‍ ഈ സര്‍ക്കാരിന് കഴിയില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. കയ്യേറ്റങ്ങള്‍ നടന്ന പ്രധാന സ്ഥലങ്ങള്‍ ഉപസമിതി സന്ദര്‍ശിച്ചില്ലെന്ന് ചെന്നിത്തല ആരോപിച്ചു. കയ്യേറ്റം നടത്തിയവരില്‍ 90 ശതമാനവും സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മൂന്നാറില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ല. ടാറ്റ ഡാം കെട്ടിയത്‌ ഭരണത്തിന്‍റെ തണലിലാണെന്നും യു‌ഡി‌എഫ് ഉടന്‍ തന്നെ യോഗം ചേര്‍ന്ന് മൂന്നാര്‍ വിഷയത്തില്‍ കൈക്കൊള്ളേണ്ട നിലപാട് തീരുമാനിക്കുമെന്നും ചെന്നിത്തല പറഞ്ഞു.