ഇടതുമുന്നണിയുടെ ഉപരോധസമരത്തിനെതിരേ പ്രതിഷേധിച്ച സന്ധ്യയുടെ പറമ്പിലെ വാഴകള്‍ അജ്ഞാതര്‍ വെട്ടി നശിപ്പിച്ചു. കാച്ചാണിയിലെ കുടുംബവീടിനോട് ചേര്‍ന്ന പറമ്പിലെ വാഴക്കൃഷിയാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസം ക്ലിഫ്‌ഹൗസിനു സമീപം താമസിക്കുന്ന സന്ധ്യ ഇരുചക്രവാഹനത്തില്‍ എത്തിയപ്പോള്‍ ബാരിക്കേഡ് വഴിമുടക്കിയതിനേത്തുടര്‍ന്നാണ് പൊലീസിനും എല്‍ഡിഎഫ് നേതാക്കള്‍ക്കും നേരേ തട്ടിക്കയറിയത്. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു അവരുടെ രോഷം. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു സമരം നടത്തുന്നത് എന്തിനാണെന്നു യുവതി ചോദിച്ചു. തുടര്‍ന്ന് ഇടതു മുന്നണി നേതാക്കളും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായി. നാലാം ദിവസവും ക്ലിഫ് ഹൌസ് ഉപരോധം തുടര്‍ന്നതാണ് സമീപവാസിയായ സന്ധ്യയെന്ന യുവതിയെ കോപാകുലയാക്കിയത്.
എന്നാല്‍ വീട്ടമ്മയുടെ നടപടി ഇടതുമുന്നണി നേതാക്കളെ കോപാകുലരാക്കി. തുടര്‍ന്ന് സന്ധ്യയ്ക്കെതിരേ ആരോപണങ്ങള്‍ അഴിച്ചുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭക്തയാണ് വീട്ടമ്മയെന്നു അവരെ ഇറക്കിയതില്‍ കോണ്‍ഗ്രസ്സിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ആനത്തലവട്ടം ആനന്ദന്‍ ആരോപിച്ചു.
എന്നാല്‍ കഴിഞ്ഞ ദിവസം ഉപരോധം അവസാനിച്ച ശേഷം അയല്‍ക്കാരന്‍ കൂടിയായ കേരളാ കോണ്‍ഗ്രസ് നേതാവ് ജോര്‍ജ് സെബാസ്റ്റ്യന്‍ വീട്ടമ്മയെ കണ്ട് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിച്ചിരുന്നു. ഇതിനിടെ സന്ധ്യയ്ക്ക് വിഗാര്‍ഡ് ചെയര്‍മാന്‍ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി അഞ്ചുലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.