ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി കെ എം മാണി

Webdunia
ശനി, 18 മെയ് 2013 (13:01 IST)
PRO
PRO
ഉപമുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി കെ എം മാണി. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് കേരളാ‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഈ ആവശ്യം ഇപ്പോള്‍ ഉന്നയിക്കില്ലെന്നും മാണി പറഞ്ഞു.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്ത മാണി അക്കാര്യങ്ങള്‍ കോണ്‍ഗ്രസും യുഡിഎഫുമാണ് തീരുമാനിക്കേണ്ടതെന്നും പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ചര്‍ച്ചകള്‍ക്കായി എ കെ ആന്റണി കേരളത്തില്‍ എത്തുന്നതിനിടെയാണ് മാണി വെടിപൊട്ടിച്ചിരിക്കുന്നത്.

ചെന്നിത്തല കെപിസിസി അധ്യക്ഷ പദവി ഒഴിയുമെന്ന് ഉറപ്പായിട്ടുണ്ട്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെ പി സി സി അധ്യക്ഷനാകുമെന്ന കാര്യത്തിലും തീരുമാനമായതായാണ് സൂചന. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി യു ഡി എഫ് മന്ത്രിസഭയിലെത്തും എന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയോടെ ഉപമുഖ്യമന്ത്രിസ്ഥാനം വേണമെന്നാണ് ചെന്നിത്തലയുടെ ആവശ്യമെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്കും എ ഗ്രൂപ്പിനും അതിനോട് യോജിപ്പില്ല. ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കിയാല്‍ സര്‍ക്കാരില്‍ രണ്ട് അധികാരകേന്ദ്രമുണ്ടാകുമെന്നതിനാല്‍ അത് ഉണ്ടാകില്ലെന്നാണ് സൂചന.