ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് നേട്ടം

Webdunia
വെള്ളി, 24 ജൂലൈ 2009 (12:14 IST)
സംസ്ഥാനത്തെ ഇരുപത്തിയാറ്‌ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലം വന്ന് തുടങ്ങിയപ്പോള്‍ യു ഡി എഫിന് നേട്ടം. മിക്കവാറും സ്ഥലങ്ങളില്‍ സീറ്റ് നിലനിര്‍ത്തിയ യു ഡി എഫ് മറ്റ് ചിലയിടങ്ങളില്‍ സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം വിഴിഞ്ഞം പഞ്ചായത്തിലെ കോവളം വാര്‍ഡില്‍ യു ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എല്‍ സുഗതന്‍ 121 വോട്ടുകള്‍ക്ക് വിജയിച്ചു. ഇതോടെ, പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടാകില്ലെന്ന് ഉറപ്പായി.

ആലപ്പുഴ ജില്ലയിലെ വെണ്‍മണി പഞ്ചായത്ത്‌ പത്താം വാര്‍ഡിലും യു ഡി എഫ് വിജയിച്ചു. കേരള കോണ്‍ഗ്രസ്‌ എമ്മിലെ ബി വര്‍ഗീസ്‌ 95 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. സി പി എം സ്വതന്ത്രനെയാണ് വര്‍ഗീസ് തോല്പിച്ചത്.

പാലക്കാട്‌ ജില്ലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിടത്ത്‌ യു ഡി എഫ് വിജയം കണ്ടു. പാലക്കാട്‌ നഗരസഭയിലെ കുന്നത്തൂര്‍മേട്‌ യു ഡി എഫ്‌ പിടിച്ചെടുത്തു. 379 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇവിടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഡി വനരാജന്‍ വിജയിച്ചത്. പാലക്കാട്‌ കരിമ്പുഴ പഞ്ചായത്തിലെ കാവുണ്ട വാര്‍ഡും യു ഡി എഫ്‌ പിടിച്ചെടുത്തു

വയനാട്‌ പുല്‍പ്പള്ളി കേളക്കവല വാര്‍ഡില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിക്കു വിജയിച്ചു. കോണ്‍ഗ്രസിലെ ഷൈനി എല്‍ദോസ്‌ 147 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കോഴിക്കോട്‌ കാരശേരി വല്ലാത്തയ്പാറ വാര്‍ഡ്‌ സി പി എം നിലനിര്‍ത്തി. സി പി എമ്മിലെ പി വിശ്വനാഥ്‌ 402 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.