ഉത്തരാഖണ്ഡ് പ്രളയം: ശിവഗിരി സ്വാമിമാരെ രക്ഷപ്പെടുത്തി

Webdunia
ബുധന്‍, 26 ജൂണ്‍ 2013 (18:22 IST)
PRO
PRO
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതികളില്‍ അകപ്പെട്ട് ബദരീനാഥിലെ ബോലാനന്ദ ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ശിവഗിരിയിലെ സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ എന്നിവര്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേരെ ആര്‍മി ഹെലികോപ്റ്ററില്‍ ജോഷിമഠില്‍ എത്തിച്ചു. പ്രവാസികാര്യ മന്ത്രി കെസി ജോസഫ് ഇക്കാര്യം അറിയിച്ചത്.

ജോഷിമഠില്‍ നിന്നും എത്രയും വേഗം അവരെ ഡല്‍ഹിയില്‍ എത്തിക്കാനും ഡല്‍ഹിയില്‍ നിന്ന് രണ്ട് സ്വാമിമാരെയും വിമാനമാര്‍ഗം നാട്ടില്‍ എത്തിക്കാനും ഡെറാഡൂണില്‍ ക്യാമ്പ് ചെയ്യുന്ന റസിഡന്റ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് എന്ന് മന്ത്രി അറിയിച്ചു.

മറ്റുള്ളവര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരള ഹൗസില്‍ ചെയ്യാനും എസി ടിക്കറ്റ് നല്‍കി ട്രെയിന്‍മാര്‍ഗം നാട്ടിലെത്തിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. മുന്‍ഗണനാക്രമത്തില്‍ മാറ്റം വരുത്തി സ്വാമിമാര്‍ ഉള്‍പ്പെട്ട സംഘത്തെ ബദരീനാഥില്‍ നിന്നും കൊണ്ടുവരാന്‍ സഹായിച്ച കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണിയോട് സംസ്ഥാന സര്‍ക്കാരിന് നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.

ശിവഗിരിയില്‍ നിന്നുള്ള സ്വാമിമാരെ രക്ഷിക്കുന്നതിന്‌ അടിയന്തര നടപടികള്‍ എടുക്കുന്നതിനായി സമ്പത്ത് എംപി ഡല്‍ഹിയില്‍ കുത്തിയിരുപ്പ് സത്യഗ്രഹവും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയില്‍ ശിവഗിരിയില്‍ നിന്നുള്ള സന്യാസിമാര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.