ഈ ഓണത്തിനും മദ്യത്തെ പായസം വെട്ടുമോ?

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2011 (16:17 IST)
ഓണത്തെ വരവേല്‍‌ക്കാന്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ കെടിഡിസി ഇത്തവണയും തയ്യാറെടുത്ത് കഴിഞ്ഞു. ഓണാഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും കെടിഡിസി ഹോട്ടലുകളില്‍ പായസമേള സംഘടിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കിഡ്സന്‍ കോര്‍ണറിലുള്ള കെടിഡിസി യുടെ മലബാര്‍ മാന്‍ഷന്‍ ഹോട്ടലില്‍ ഇക്കഴിഞ്ഞ ദിവസം എം കെ രാഘവന്‍ എംപി ഉദ്ഘാടനം ചെയ്തു.

രുചിയില്‍ പായസങ്ങളുടെ രാജാവായ അമ്പലപ്പുഴ പാല്‍പ്പായസം തൊട്ട്‌ പുതുരുചിയുടെ വൈവിധ്യവുമായി കാരറ്റ്‌ പായസം വരെ കെടിഡിസിയുടെ ഹോട്ടലുകളില്‍ അണിനിരക്കും‌. ഇക്കഴിഞ്ഞ ഓണത്തിന് കെടിഡിസിയുടെ ഹോട്ടലുകളില്‍ മദ്യത്തിനേക്കാള്‍ അധികം പായസം വിറ്റ് പോയത് വാര്‍ത്തയായിരുന്നു.

വിവിധ നഗരങ്ങളിലെയും ടൂറിസം കേന്ദ്രങ്ങളിലെയും കെടിഡിസിയുടെ ഹോട്ടലുകളില്‍ അരക്കോടിയോളം രൂപയുടെ പായസമാണ്‌ ഓണക്കാലത്ത് വിറ്റഴിച്ചത്‌. കെടിഡിസിയുടെ ബ്രാന്‍ഡ്‌ പായസമായ നവരസ പായസം ഇത്തവണയും ഉണ്ടാകും. അട, പാലട, സേമിയ, പാല്‍, കരിക്ക്‌, ചക്ക, മാങ്ങ, പൈനാപ്പിള്‍, വാഴപ്പഴം, നെല്ലിക്ക, കാരറ്റ്‌, പരിപ്പ്‌, കടല, ഗോതമ്പ്‌, തുടങ്ങിയ പായസങ്ങളും ലഭിക്കും.

കാരറ്റ്‌ വെണ്ണയിലിട്ട്‌ വഴറ്റി ബദാമും അണ്ടിപ്പരിപ്പും ചേര്‍ത്ത കാരറ്റ്‌ പായസം രുചിയുടെ പുതിയ പരീക്ഷണമാണ്‌. ശര്‍ക്കരയും പഴവും നെയ്യും സമം ചേര്‍ത്തുണ്ടാക്കുന്ന പഴ പ്രഥമന്‍, അവില്‍ പായസം, മിക്സഡ്‌ പായസം എന്നിവയും മേള കൊഴുപ്പിക്കുന്നു. ലിറ്ററിന്‌ 170 രൂപയാണ്‌ വില. ഇത്തവണയും പായസവില്‍‌പനയില്‍ റെക്കോര്‍ഡ് ഭേദിക്കാനാകും എന്ന പ്രതീക്ഷയിലാണ് കെടിഡിസി.