ഇരട്ടക്കൊലപാതകം: 3 പേര്‍ക്ക് ജീവപര്യന്തം

Webdunia
വ്യാഴം, 30 ഏപ്രില്‍ 2009 (11:57 IST)
നെല്ലിയാമ്പതി ഇരട്ടക്കൊലപാതക കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം തടവ്. ഒന്നാം പ്രതി അയ്യപ്പന്‍, രണ്ടാം പ്രതി പൌലോസ്, ഏഴാം പ്രതി ജോസ് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ച് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്.

ഒന്‍പതാം പ്രതി മുന്‍ സി ഐ ഉണ്ണിക്കൃഷ്‌ണന്‍, പത്താം പ്രതി കോണ്‍സ്റ്റബിള്‍ ശ്രീകൃഷ്ണപുരം സ്വദേശി രാമന്‍കുട്ടി എന്നിവര്‍ക്ക് മൂന്നു വര്‍ഷം കഠിന തടവിനും കോടതി വിധിച്ചു. രണ്ടുപേരെ കോടതി വെറുതെ വിട്ടു.

1992 നവംബര്‍ 11നാണ്‌ കേസിനാസ്‌പദമായ സംഭവം നടന്നത്‌. കപ്പത്തോട്ടം വാങ്ങാന്‍ ഇടനില നിന്ന ചന്ദ്രനെയും കാമുകി ചാലക്കുടി സ്വദേശിനി തങ്കമണിയെയും നിസാര വഴക്കുകളുടെ പേരില്‍ മുഖ്യപ്രതി പൌലോസ് കൊലപ്പെടുത്തുകയായിരുന്നു. നെല്ലിയാമ്പതി വനത്തിനുള്ളില്‍ പാട്ടത്തിനെടുത്ത കപ്പത്തോട്ടത്തിലായിരുന്നു കൊലപാതകം.

കേസ്‌ ആദ്യം അന്വേഷിച്ച ലോക്കല്‍ പൊലീസ്‌ പൗലോസിനെ രക്ഷിക്കാനായി കോടതിയ്ക്ക് തെറ്റായ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പൊലീസിന്‍റെ ഈ ശ്രമം പിടിക്കപ്പെട്ടതിനെ തുടര്‍ന്ന്‌ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ച്‌ ഒരു വര്‍ഷം കൊണ്ട്‌ അന്വേഷണം പൂര്‍ത്തിയാക്കുകയായിരുന്നു.