ഇന്ന് ഹര്‍ത്താല്‍; സംസ്ഥാനമെങ്ങും കനത്ത സുരക്ഷ

Webdunia
തിങ്കള്‍, 18 നവം‌ബര്‍ 2013 (08:04 IST)
PRO
കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച്‌ ഇടതുമുന്നണി ആഹ്വാനം ചെയ്‌ത സംസ്‌ഥാന ഹര്‍ത്താല്‍ ഇന്നു രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെ.

ശബരിമല തീര്‍ഥാടകരെയും പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആവശ്യസര്‍വീസുകളെയും ഒഴിവാക്കി. സംസ്ഥാനത്തിന്റെ മലയോരമേഖലകളില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന്‌ എല്‍ഡിഎഫ്‌. നേതാക്കള്‍ അറിയിച്ചു. ഹര്‍ത്താലിനിടെ ബാഹ്യശക്‌തികള്‍ നുഴഞ്ഞുകയറി അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ പരമാവധി സംയമനം പാലിക്കണമെന്നു മുന്നണിനേതൃത്വം അണികള്‍ക്കു നിര്‍ദേശം നല്‍കി.

കോഴിക്കോടും കണ്ണൂരും നടന്ന അക്രമസംഭവങ്ങളുടെ പശ്‌ചാത്തലത്തിലാണു കര്‍ശന ജാഗ്രതാനിര്‍ദേശം. ശബരിമല ഷെഡ്യൂളുകള്‍ മുടക്കമില്ലാതെ നടത്തുമെന്നു കെഎസ്‌ആര്‍ടിസി അറിയിച്ചു. ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ചു പത്തനംതിട്ട ജില്ലയില്‍ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

അവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കു പോലീസ്‌ ഗതാഗതസൗകര്യം ഏര്‍പ്പെടുത്തും. പൊതുമുതല്‍ നശിപ്പിച്ചാല്‍ ഹര്‍ത്താലാഹ്വാനം ചെയ്‌തവരില്‍നിന്ന്‌ നഷ്‌ടപരിഹാരം ഈടാക്കാന്‍ ആഭ്യന്തരവകുപ്പ്‌ നിര്‍ദേശം നല്‍കി.

അഖിലേന്ത്യാ തലത്തില്‍ നടത്തുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി പരീക്ഷയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അറിയിച്ചു. ശബരിമല തീര്‍ത്ഥാടനത്തേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.


കാലിക്കറ്റ് ഇന്നത്തെ പരീക്ഷകള്‍ മാറ്റി


തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റിവെച്ചു. മാറ്റിയ പരീക്ഷകളും പുതുക്കിയതീയതിയും ക്രമത്തില്‍. അഞ്ചാം സെമസ്റ്റര്‍ ഡിഗ്രി (സി.സി.എസ്.എസ്)-21, ഏഴാം സെമസ്റ്റര്‍ ബി.ടെക്/ പാര്‍ട്‌ടൈം ബി.ടെക് (2കെ) സപ്ലിമെന്ററി പരീക്ഷകള്‍-21, നാലാം വര്‍ഷ ബി.പി.ടി-27, രണ്ടാം സെമസ്റ്റര്‍ ബി.എഡ്-21,

എം.കോം സ്‌പെഷ്യല്‍ സപ്ലിമെന്ററി-25, എം.എസ്‌സി ബോട്ടണി സ്‌പെഷ്യല്‍ സപ്ലിമെന്ററി-21, എം.എസ്‌സി കെമിസ്ട്രി രണ്ടാംസെമസ്റ്ററും പ്രീവിയസ് സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷകളും-25, എം.എസ്‌സി മാത്‌സ് പ്രീവിയസ് (91,94 പ്രവേശനം) രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി-27,

എം.എ ഹിസ്റ്ററി പ്രീവിയസ് (86, 96 പ്രവേശനം), രണ്ടാം സെമസ്റ്റര്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പ്രവേശനം-25, എം.ടെക് നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മൂന്നാം സെമസ്റ്റര്‍-27.