ഇന്നസെന്റ്‌ പര്യടനം പാതിവഴിയില്‍ നിര്‍ത്തി; നേതാക്കളെ ജനം കൂകിവിളിച്ചു

Webdunia
വെള്ളി, 28 മാര്‍ച്ച് 2014 (16:42 IST)
PRO
PRO
ചാലക്കുടിയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി നടന്‍ ഇന്നസെന്റ്‌ പെരുമ്പാവൂര്‍ മേഖലയില്‍ വ്യാഴാഴ്ച നടത്തിയ തെരഞ്ഞെടുപ്പ്‌ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചു. ഇതിനെത്തുടര്‍ന്ന്‌ പെരുമ്പാവൂര്‍ മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഇന്നസെന്റിനെ പ്രതീക്ഷിച്ചിരുന്ന എല്‍ഡിഎഫിന്റെ പ്രവര്‍ത്തകരടക്കമുള്ള പ്രദേശവാസികള്‍ നേതാക്കളടക്കമുള്ളവരെ തടഞ്ഞുവെക്കുകയും കൂവിവിളിക്കുകയും ചെയ്തു.

പെരുമ്പാവൂര്‍ മേഖലയിലെ കൂവപ്പടി, മുടക്കുഴ, അശമന്നൂര്‍, രായമംഗലം എന്നീ നാല്‌ പഞ്ചായത്തുകളിലായിരുന്നു ഇന്നസെന്റ്‌ പര്യടനം നടത്തേണ്ടിയിരുന്നത്‌. ഇതില്‍ അശമന്നൂര്‍ പഞ്ചായത്തില്‍ പര്യടനത്തിന്റെ പകുതിവെച്ച്‌ പ്രചരണം നിര്‍ത്തി. രാത്രി 7.45 ഓടെയായിരുന്നു ഇത്‌. കൂടാതെ രായമംഗലം പഞ്ചായത്തില്‍ പൂര്‍ണമായും അശമന്നൂര്‍ പഞ്ചായത്തില്‍ ഭാഗികമായും പര്യടനം ഒഴിവാക്കി.

ഒരു പഞ്ചായത്തില്‍ 14 കേന്ദ്രങ്ങളിലായിരുന്നു സ്വീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്‌. ഇതില്‍ പലയിടങ്ങളിലും സ്ഥാനാര്‍ത്ഥി എത്താതിരുന്നത്‌ ജനത്തിന്റെ പ്രതിഷേധങ്ങള്‍ക്കിടയാക്കി. പ്രസംഗം കേട്ട്‌ ക്ഷമ നശിച്ച ജനങ്ങള്‍ സ്ഥാനാര്‍ത്ഥി എത്തുന്നില്ലെന്ന്‌ അറിഞ്ഞപ്പോള്‍ കൂവിവിളിച്ചു. അശമന്നൂര്‍ പഞ്ചായത്തിലെ മുട്ടത്തുമുകള്‍ ദാരുള്‍ ഇസ്ലാം കോളനിയില്‍ സിപിഎം നേതാക്കളെ തടഞ്ഞുവെച്ചു. സ്ഥാനാര്‍ത്ഥി എത്താത്തതില്‍ പ്രതിഷേധിച്ചായിരുന്നു നേതാക്കളെ തടഞ്ഞുവെച്ചത്‌.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ വോട്ടുചെയ്യില്ലെന്നും കോളനിനിവാസികള്‍ പ്രഖ്യാപിച്ചു. രായമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്‌-എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ കാഞ്ഞിലി, സിപിഎം നേതാക്കളായ പി.കെ. സോമന്‍, വി.പി.ശശീന്ദ്രന്‍ തുടങ്ങിയവരടക്കമുള്ള എല്‍ഡിഎഫ്‌ നേതാക്കള്‍ ജനങ്ങളുടെ പ്രതിഷേധത്തിനിരയായി.