ഇന്ദുവിന്റെ മരണം: സുഭാഷിന് ജാമ്യം

Webdunia
ശനി, 16 മാര്‍ച്ച് 2013 (12:15 IST)
PRO
PRO
ട്രെയിനില്‍ നിന്ന് ഇന്ദു എന്ന ഗവേഷക വീണുമരിച്ച കേസില്‍ പ്രതിയായ എന്‍ഐടിയിലെ അസിസ്റ്റന്റ്‌ പ്രഫസര്‍ സുഭാഷിനു ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. 25,000 രൂപയും രണ്ടാള്‍ജാമ്യവും ഹൈക്കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്‌. എല്ലാ ബുധനാഴ്ചയും ആവശ്യപ്പെടുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണം, സംസ്ഥാനം വിടരുത്, സാക്ഷികളെ സ്വാധീനിക്കരുത്‌ തുടങ്ങിയ വ്യവസ്ഥകളും ഉണ്ട്.

2011 ഏപ്രില്‍ 24ന് തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ ഏ സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു ഇന്ദുവും സുഭാഷും യാത്ര ചെയ്തിരുന്നത്. ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കോഴിക്കോട് ഒരു വാടകവീട്ടില്‍ ഒരുമിച്ചു താമസിച്ചിരുന്നു. ഇതിനിടെയാണ് മറ്റൊരു യുവാവുമായി ഇന്ദുവിന്‍റെ വിവാഹം നിശ്ചയിക്കുന്നത്.

മേയ് 16ന് വിവാഹം നടക്കാനിരിക്കുകയായിരുന്നു. അതിനു മുമ്പ് എന്തെങ്കിലും ഒരു തീരുമാനമെടുക്കണമെന്ന് സുഭാഷ് ഇന്ദുവില്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് സൂചന. ഇയാളുടെ നിര്‍ബന്ധപ്രകാരമാണ് ഇന്ദു അന്ന് കോഴിക്കോട്ടേക്ക് തിരിച്ചത്. എന്നാല്‍ ട്രെയിനില്‍ നിന്ന് കാണാതായ ഇന്ദുവിന്റെ മൃതദേഹം ആലുവ ചെങ്ങമനാടിന് സമീപം പെരിയാറില്‍ കണ്ടം‌തുരുത്ത് ഭാഗത്തുനിന്നാണ് നിന്ന് പിന്നീട് കണ്ടെടുക്കുകയായിരുന്നു.

എ സി കോച്ചില്‍ അബദ്ധത്തില്‍ പുഴയിലേക്ക് വീഴാനുള്ള സാധ്യത കുറവാണ്. മാത്രമല്ല ഇന്ദുവിനെ ശരീരത്തിന്റെ പുറം ഭാഗത്ത് ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തിയിരുന്നു. സ്വയം ചാടിയതാണെങ്കില്‍ പുറത്ത് മാരകമായി മുറിവേല്‍ക്കാനുള്ള സാധ്യത കുറവാണ്. ആ സമയം പുഴയില്‍ മണല്‍വാരലില്‍ ഏര്‍പ്പെട്ടവരുടെ മൊഴിയും നിര്‍ണ്ണായകമായി. പുഴയിലേക്ക് എന്തോ വീണെന്നും അപ്പോള്‍ ട്രെയിനിന്റെ വാതിലില്‍ ആരോ നില്‍ക്കുന്നത് കണ്ടു എന്നുമായിരുന്നു സാക്ഷിമൊഴി.