ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ജര്‍മ്മന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ സമ്മതിച്ചു. ഇന്ത്യയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സ്ഥിതി അത്ര മെച്ചമല്ല എന്നും ഇത്തരം സാഹചര്യം മറികടക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി ഒരു ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഡല്‍ഹി കൂട്ടമാനഭംഗം ആയിരക്കണക്കിന് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പ്രതികരണത്തിനു കാരണമായി. എന്നാല്‍ , സര്‍ക്കാരും വളരെ വേഗം പ്രതികരിച്ചു. പരിഹാരം കാണുന്നതിനായി ഒരു സമിതിയെ നിയോഗിച്ചു. സ്‌ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ ഒരു ബില്‍ കൊണ്ടുവന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്‌ത്രീകളെയും കുട്ടികളെയും കൊല്ലുന്നതിലൂടെ ഇന്ത്യ ഗൗരവതരമായ മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നായിരുന്നു ജര്‍മ്മന്‍ മാധ്യമപ്രവര്‍ത്തകന്റെ ആരോപണം. അതേസമയം, ഇന്ത്യയിലെ പെണ്‍ ഭ്രൂണഹത്യയെ കുറിച്ചാണോ സ്‌ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണോ മാധ്യമപ്രവര്‍ത്തകന്റെ പരാമര്‍ശം എന്ന് വ്യക്‌തമല്ലായിരുന്നു. എന്നാല്‍, ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നില്ല എന്ന് പറയാന്‍ കഴിയില്ല എന്ന് പറഞ്ഞ മന്‍മോഹന്‍ സിംഗ് ഡല്‍ഹി സംഭവത്തെക്കുറിച്ചും പരാമര്‍ശം നടത്തുകയായിരുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രിയോട് മനുഷ്യാവകാശ ലംഘനത്തെ കുറിച്ച് വിശദീകരണം തേടാത്തത് ഇരട്ടത്താപ്പാണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറ്റൊരു ആരോപണം. ഇന്ത്യയോടും ചൈനയോടും രണ്ട് നയം എന്തുകൊണ്ടാണെന്നും ചാന്‍സലര്‍ ആഞ്‌ജല മെര്‍ക്കലോട് ചോദിച്ചു. ചര്‍ച്ചയില്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു എന്നും ഇന്ത്യ സ്‌ത്രീകള്‍ക്കെതിരേയുളള അതിക്രമത്തിനെതിരേ ശക്‌തമായ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് ബോധ്യമായതായും മെര്‍ക്കല്‍ പ്രതികരിച്ചു.