ഇടുക്കി രൂപതയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പിടി തോമസ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന ഇടുക്കി ബിഷപ്പിനൊപ്പം ഭൂരിപക്ഷം വിശ്വാസികളും ഇല്ലെന്ന് പിടി തോമസ് ആരോപിച്ചു. ഗലീലിയോയെ വിഷം കൊടുത്ത് കൊന്നവര്‍ക്ക് പിന്നീട് ദുഃഖിക്കേണ്ടി വന്ന സഭാ ചരിത്രവും അദ്ദേഹം ഓര്‍മിപ്പിച്ചു.
ലോകത്തെ ഏറ്റവും നികൃഷ്ടമായ ഒരു സമൂഹം പോലും ശവത്തെ അപമാനിക്കില്ല. എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളുടെ കൈയ്യില്‍ ചൂല് കൊടുത്ത് പിടി തോമസിന്റെ ശവത്തിലടിപ്പിച്ച് അതിന്റെ മുന്‍പില്‍ നാലഞ്ച് വൈദികന്‍മാര്‍ കൈക്കൊട്ടി പാടി ആഹ്ലാദിക്കുകയാണ്. കൊടുങ്ങല്ലൂര്‍ ഭരണിയില്‍ കേള്‍ക്കാത്ത പൂരപ്പാട്ടുകളുടെ അകമ്പടിയോടെയാണിത്. അതിന്റെ താളമേളക്കൊഴുപ്പില്‍ യേശുദേവന്റെ അരുമ ശിഷ്യന്‍മാരാണെന്ന് പറയുന്ന, തെറ്റ് ചെയ്താല്‍ ജനങ്ങള്‍ക്ക് പറഞ്ഞ് കുമ്പസാരിക്കേണ്ട വൈദിക ശ്രേഷ്ഠര്‍ ആടിപ്പാടി ഇതിന് പിന്നില്‍ പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ച പിടി തോമസ് എംപിക്ക് പിന്തുണയുമായി വെള്ളാപള്ളി നടേശന്‍ രംഗത്തെത്തി. പി ടി തോമസിനെക്കുറിച്ച് അഭിമാനം തോന്നുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പി ടി തോമസ് പരാജയപ്പെട്ട എംപിയാണെന്ന ആക്ഷേപം പുച്ഛത്തോടെ തള്ളുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ട സംരക്ഷണത്തിനെതിരെയുള്ള സമരം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇങ്ങനെപ്പോയാല്‍ ഇതിന് മുല്ലപ്പെരിയാര്‍ സമരത്തിന്റെ ഗതിയാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു.