ഇടുക്കി പൊള്ളു‌ന്നു: വേനല്‍ ചൂട് കാരണം അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നു; ആശങ്കയോടെ കർഷകർ

Webdunia
തിങ്കള്‍, 29 ഫെബ്രുവരി 2016 (15:10 IST)
വേനൽ ചൂടിന്റെ കാഠിന്യത്താൽ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞുവരുന്നത് കര്‍ഷകര്‍ക്ക് വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വേനൽ ചൂടിന്റെ കാഠിന്യം മലയോര മേഖലയിലും വളരെ കൂടുതലാണ്. കഴിഞ്ഞ പതിനഞ്ചു ദിവസങ്ങ‌ൾക്കുള്ളിൽ പൊൻമുടി ജലാശയത്തിലെ ജലനിരപ്പ് ഏഴ് മീറ്ററോളമാണ് താഴ്ന്നത്. വേനല്‍ ചൂടിന്റെ കാഠിന്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്.
 
അണക്കെട്ടുകളിൽ ജല നിരപ്പ് തഴ്ന്നതോടെ ജലസ്രോതസുകളിലെല്ലാം നീരൊഴുക്ക് ഗണ്യമായി കുറയുകയും അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കുറയുകയും ചെയ്തു. തുടർന്ന് വൈദ്യുതി ഉൽപ്പാദനത്തിൽ തടസ്സം രൂപപ്പെടുകയുമുണ്ടായി. 708 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള പൊന്മുടി അണക്കെട്ടിന്റെ നിലവിലുള്ള ജലനിരപ്പ് 698 മീറ്റർ ആണ്. ഡിസംബർ-ജനുവരി മാസത്തിൽ പരമാവധി സംഭരണ ശേഷിയിൽ ഉയർന്ന് നിന്നിരുന്ന ജലനിരപ്പ് വെറും 15 ദിവസം കൊണ്ട് ഏഴു മീറ്ററിലധികമാണ് താഴ്ന്നിരിക്കുന്നത്.
 
വേനൽ ചൂടിന്റെ കാഠിന്യം ഇനിയും കൂടുവാനാണ് സാധ്യത. അങ്ങനെയുണ്ടായാല്‍ ചെറിയ അരുവികൾ വറ്റി വരണ്ട് അണക്കെട്ടുകളിലേക്കുള്ള ഒഴുക്ക് പൂർണ്ണമായും നിലച്ച് ജലാശയങ്ങ‌ൾ വരണ്ടുണങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. ഇതുമൂലം ജലാശയം തകരുകയും ജലാശയത്തെ ആശ്രയിച്ച് ജീവിക്കുന്ന കർഷകരുടെ വൈദ്യുതി ഉത്പ്പാദനത്തെ സാരമായി ബാധിക്കുകയും ചെയ്യും. ഏറ്റവും കൂടുതൽ നനവ് ആവശ്യമായ ഏലം, വാഴ, പാവൽ, കപ്പ എന്നിവയ്‌ക്കും ഇത് കനത്ത തിരിച്ചടിയാകും.
 
വിലത്തകർച്ചയാൽ ദുരിതപൂർണമായ ജീവിതമാണ് കേരളത്തിലെ കർഷകരുടേത്. അതോടൊപ്പം 
ജല ലഭ്യത കുറയുന്നതോടെ കൃഷിയുമായി മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് കർഷകര്‍. നിലവിലുള്ള പ്രശ്നം വരും വർഷത്തെ ഉൽപ്പാദനത്തെയും സാരമായി ബാധിക്കും. കാര്‍ഷികമേഖലയെ പിടിച്ചുലയ്ക്കുവാന്‍ പോകുന്ന വരള്‍ച്ചാ കാലത്തെ ഭീതിയോടെ ഉറ്റുനോക്കുകയാണ് ഹൈറേഞ്ച് ജനത.