പി സി ജോര്‍ജ് എം എല്‍ എ സ്ഥാനം രാജിവയ്ക്കുന്നു. ഇടതുപക്ഷമാണ് ശരിയെന്ന് തനിക്കിപ്പോള്‍ മനസിലായെന്ന് പി സി ജോര്‍ജ് പറഞ്ഞു. അടുത്ത നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജിവയ്ക്കുമെന്നാണ് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്.
പതിമൂന്നാം നിയമസഭയുടെ സമ്മേളനത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് ജോര്‍ജ് പറഞ്ഞു. രാജിവയ്ക്കുന്നതിനുള്ള സമയം തീരുമാനിച്ചിട്ടില്ലെന്നും എത്രയുംവേഗം രാജിവയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജിവച്ചതിനുശേഷം കേരള കോണ്‍ഗ്രസ് (സെക്കുലര്‍) പാര്‍ട്ടിയുടെ നേതൃത്വം ഏറ്റെടുക്കുമെന്നും പി സി ജോര്‍ജ് പറഞ്ഞു.
പി സി ജോര്‍ജിനെതിരായ കേരള കോണ്‍ഗ്രസിന്‍റെ പരാതി ഇപ്പോള്‍ സ്പീക്കറുടെ പരിഗണനയിലാണ്. ആ പരാതിയില്‍ തെളിവെടുപ്പും വാദവും അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് താന്‍ രാജിവയ്ക്കുകയാണെന്ന് പി സി ജോര്‍ജ് വെളിപ്പെടുത്തിയിരിക്കുന്നത്.