ആരാണ് ജോസെന്ന് അന്വേഷിക്കും: സുധാകരന്‍

Webdunia
വ്യാഴം, 17 ഫെബ്രുവരി 2011 (09:04 IST)
PRO
ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി തരപ്പെടുത്താന്‍ ഇടനിലക്കാരനായത് താന്‍ ആയിരുന്നുവെന്ന് പറഞ്ഞ കണ്ണൂരിലെ ബാര്‍ ഉടമ ജോസ് ഇല്ലിക്കല്‍ ആരാണെന്ന് അന്വേഷിക്കുമെന്ന് കെ സുധാകരന്‍. ഇയാള്‍ കടുത്ത സി‌പി‌എം പ്രവര്‍ത്തകന്‍ ആണെന്ന് മാത്രമേ തനിക്ക് അറിയുകയുള്ളൂവെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും കെ സുധാകരന്‍ പറഞ്ഞു.

“ബാര്‍ ലൈസന്‍സ്‌ നല്‍കാന്‍ കെപിസിസിയ്ക്ക്‌ അടക്കം കൈക്കൂലി നല്‍കിയെന്ന്‌ വെളിപ്പെടുത്തിക്കൊണ്ട്, ഗീതാ ബാറിന്റെ മുന്‍ പാര്‍ട്‌ണര്‍ എന്ന്‌ അവകാശപ്പെട്ട്‌ ഒരാള്‍ രംഗത്തെത്തിയിരിക്കുകയാണ്. അയാളുടെ പേര് ജോസ് ഇല്ലിക്കല്‍ എന്നാണെത്രെ. ഇയാള്‍ ആരാണെന്ന് എനിക്കൊരു രൂപവും ഇല്ല. എനിക്കറിയാവുന്ന ഒരു കാര്യം ഇയാള്‍ കടുത്ത സി‌പി‌എം പ്രവര്‍ത്തകന്‍ ആണെന്നാണ്.”

“കോണ്‍ഗ്രസുകാരുമായുണ്ടായ സംഘട്ടനത്തില്‍ ഈ ജോസ് ഇല്ലിക്കലിനെതിരെ നിരവധി കേസുകളുണ്ട്‌. ഇയാള്‍ക്ക്‌ ആ ബാറുമായി എന്ത്‌ ബന്‌ധമാണ്‌ ഉള്ളതെന്നതിനെക്കുറിച്ച്‌ ഞങ്ങള്‍ അന്വേഷിച്ച്‌ വരികയാണ്‌. എന്റെ ഓര്‍മ്മയില്‍ ആ ബാറിന്റെ ഉടമ കൃഷ്‌ണന്‍ എന്നയാളായിരുന്നു. ഇദ്ദേഹത്തില്‍ നിന്ന്‌ പിന്നീട്‌ ചിലര്‍ വിലയ്ക്ക്‌ വാങ്ങുകയായിരുന്നു. വിവരങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാം. എന്തായാലും ഈ ജോസ് ഇല്ലിക്കല്‍ ആരാണെന്ന് അന്വേഷിക്കുക തന്നെ ചെയ്യും” - കെ സുധാകരന്‍ പറഞ്ഞു.

ബാര്‍ ലൈസന്‍സ് കേസില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി തരപ്പെടുത്താന്‍ ഇടനിലക്കാരനായത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ പാര്‍ലമെന്റ് അംഗവുമായ കെ സുധാകരനാണെന്ന് ജോസ് ഇല്ലിക്കല്‍ വെളിപ്പെടുത്തിയത് വിവാദമായിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് 35 ലക്ഷം രൂപ നല്‍കിയാണ് 21 ബാറുകള്‍ക്ക് ലൈസന്‍സ് സമ്പാദിച്ചതെന്നാണ് ജോസ് പറഞ്ഞിരിക്കുന്നത്.

കാശ് വാങ്ങിയവരില്‍ ഒരാള്‍ അന്നത്തെ മന്ത്രിയാണ്. മറ്റൊരാള്‍ ഇപ്പോള്‍ കേന്ദ്രമന്ത്രി. രണ്ടുപേര്‍ വനിതാനേതാക്കള്‍. കരുണാകരന്‍ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പോയപ്പോള്‍ സി വി പത്മരാജനായിരുന്നു മുഖ്യമന്ത്രിയുടെ ചുമതലയുണ്ടായിരുന്നത്. അക്കാലത്താണ് ബാര്‍ ലൈസന്‍സ് കിട്ടിയത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിനെത്തുടര്‍ന്ന് പിന്നീട് ലൈസന്‍സ് റദ്ദാക്കേണ്ടിവന്നു. ലൈസന്‍സ് റദ്ദായപ്പോള്‍ ഒരു വനിതാനേതാവ് അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കി. ഏറെ അഴിമതി ആരോപണം നേരിട്ട രഘുചന്ദ്രബാലായിരുന്നു അന്ന് എക്സൈസ് മന്ത്രി എന്നുമാണ് ജോസ് ഇല്ലിക്കല്‍ ആരോപിച്ചത്.