ആതിരപ്പള്ളി: സംസ്ഥാനം വീണ്ടും കേന്ദ്രത്തില്‍

Webdunia
ബുധന്‍, 20 ജനുവരി 2010 (10:54 IST)
PRO
PRO
ആതിരപ്പള്ളി വൈദ്യുതി പദ്ധതിയുമായി മുന്നോട്ടു പോകാന്‍ അനുവദിക്കണമെന്ന് സംസ്ഥാന വൈദ്യുതി ബോര്‍ഡ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. പ്രാദേശികമായി പദ്ധതിക്ക് എതിര്‍പ്പില്ലെന്ന് ബോര്‍ഡ് നല്കിയ വിശദീകരണത്തില്‍ പറയുന്നു.

ബാഹ്യ ഇടപെടലാണ് എതിര്‍പ്പിന് കാരണമായിരിക്കുന്നത്. ശാസ്ത്രീയ പഠനത്തിനും സാങ്കേതിക പഠനത്തിനും ശേഷമാണ്‌ പദ്ധതിയ്ക്ക്‌ അനുമതി നല്‍കിയത്‌. കേന്ദ്ര തീരുമാനം പുനപ്പരിശോധിക്കണമെന്നും ബോര്‍ഡ്‌ ആവശ്യപ്പെട്ടു.

നേരത്തെ ജനുവരി ആദ്യവാരം ആതിരപ്പള്ളി പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതമന്ത്രി എ കെ ബാലന്‍ കേന്ദ്രമന്ത്രി ജയറാം രമേശുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ആതിരപ്പള്ളിയുടെ കാര്യത്തില്‍ കേരളത്തോടു വിവേചനപരമായി പെരുമാറില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. കെഎസ്‌ഇബിയുടെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വൈദ്യുത ബോര്‍ഡ് ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.