സ്‌കൂളിന് അവധികിട്ടാന്‍ ഏഴാം ക്ലാസുകാരന്റെ ബോംബുഭീഷണി. ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരം സിറ്റിപൊലീസ് കമ്മിഷ്ണറുടെ ഓഫീസില്‍ ബോംബ് ഭീഷണി എത്തിയത്. കരുംകുളത്തെ ഒരു എല്‍ പി സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
തുടര്‍ന്ന് പൂവാര്‍ സി ഐ യുടെ നേതൃത്വത്തില്‍ കാഞ്ഞിരംകുളം പൊലീസും ബോംബ് സ്‌ക്വാഡും രാവിലെ ഒന്‍പതുമണിയോടെ കരുംകുളം സെന്റ് ആന്‍ഡ്രൂസ് എല്‍ പി സ്‌കൂള്‍, എസ് എന്‍ ഡി പി യു പി സ്‌കൂള്‍, കൊച്ചുതുറ സെന്റ് ആന്റണീസ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പരിശോധനകള്‍ നടത്തി. ഭീഷണി വ്യാജമാണെന്ന് വ്യക്തമായി.
തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനകളില്‍ സന്ദേശം പോയ മൊബൈല്‍ ഫോണ്‍ തിരിച്ചറിഞ്ഞു. തീരദേശത്തെ ഒരു സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് വ്യാജബോംബ് ഭീഷണി ഉയര്‍ത്തിയത്. സ്‌കൂളിന് അവധി ലഭിക്കുന്നതിന് വേണ്ടിയാണ് താന്‍ ഭീഷണിമുഴക്കിയതെന്ന് വിദ്യാര്‍ഥി സമ്മതിച്ചു.