അരുണ്‍ മക്കാവു സന്ദര്‍ശിച്ചത് അറിയാം: വി‌എസ്

Webdunia
ഞായര്‍, 27 ഫെബ്രുവരി 2011 (10:23 IST)
PRO
സെക്സ് ടൂറിസത്തിനും ചൂതാട്ടത്തിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച മക്കാവു ദ്വീപിലേക്ക് അരുണ്‍‌കുമാര്‍ പോയത് തനിക്ക് അറിയാവുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി വി‌എസ് അച്യുതാനന്ദന്‍. ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത് പറഞ്ഞത്. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരും വി‌എസും തമ്മില്‍ ചൂടുള്ള സംവാദമാണ് നടന്നത്.

“താങ്കളുടെ മകന്‍ മക്കാവു ദ്വീപില്‍ പോയിട്ടുണ്ടോ?”

“ഉണ്ട്. മക്കാവുവിലേക്ക്‌ പോകുന്നുവെന്ന്‌ അരുണ്‍ എന്നോട്‌ പറഞ്ഞിരുന്നു. അവന്‍ എന്തിനാണ്‌ പോയതെന്നും എനിക്ക്‌ നന്നായി അറിയാം. പോകേണ്ട ആവശ്യം വന്നാല്‍ പോകരുതെന്ന്‌ പറയാന്‍ ഒക്കുമോ?”

“മക്കാവുവില്‍ സെക്‌സ് ടൂറിസവും ചൂതാട്ടവുമാണ് നടക്കുന്നതെന്ന് അറിയാമോ?”

“അതൊക്കെ നിങ്ങള്‍ പറയുന്നതല്ലേ? ഈ ആരോപണമെല്ലാം വാസ്തവ വിരുദ്ധമാണ്. വിദേശത്ത് പോകേണ്ടവര്‍ വിദേശത്ത് പോകും. അരുണ്‍ എന്തിനായിട്ടാണ് അവിടെ പോയതെന്ന് എനിക്കറിയാം. എല്ലാ വിദേശയാത്രകളെക്കുറിച്ചും മകന്‍ എന്നോട് പറയാറുണ്ട്'”

“ആഢംബര ക്ലബായ ഗോള്‍ഫ് ക്ലബില്‍ ലക്ഷങ്ങള്‍ മുടക്കി മകന്‍ അംഗത്വമെടുത്തിട്ടുണ്ടല്ലോ”

“ഗോള്‍‌ഫ് ക്ലബിലെ അംഗത്വത്തിന് അത്രവലിയ പണമൊന്നും വേണ്ട.”

“അപ്പോള്‍ വളരെ കുറഞ്ഞ തുകയ്ക്ക് ഗോള്‍ഫ് ക്ലബ് അംഗത്വം കിട്ടുമെന്നാണോ പറയുന്നത്?”

“നല്ല കളിക്കാരായിട്ടുള്ളവര്‍ എവിടെയൊക്കെ കളികേന്ദ്രങ്ങളുണ്ടോ അവിടെയെല്ലാം പോകും. കളിക്കും. കളിക്കാന്‍ അറിയാത്തവര്‍ കുറഞ്ഞപക്ഷം കളി കണ്ടെങ്കിലും നില്‍ക്കും. അതാണ് കളിപ്രേമികള്‍. മികച്ച കളിക്കാര്‍ക്ക് അവാര്‍ഡ് നല്‍കുന്ന സര്‍ക്കാരിന്റെ ഭരണത്തലവനാണ് ഞാന്‍‍”

“ഇപ്പറഞ്ഞ ഗോള്‍ഫ്ക്ലബില്‍ മദ്യപാനവും ചൂതാട്ടവുമാണ് നടക്കുന്നതെന്ന് അങ്ങ് നേരത്തെ ആക്ഷേപിച്ചിട്ടുണ്ട്. അതോര്‍മയുണ്ടോ?”

“മദ്യപാനവും മറ്റുപരിപാടികളും അവിടെ നടക്കുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒപ്പം കളിയും അവിടെ നടക്കുന്നുണ്ട്.”

“അരുണ്‍കുമാറിനെ മുഖ്യമന്ത്രി നേരത്തെ നിയന്ത്രിക്കേണ്ടിയിരുന്നുവെന്ന അഴീക്കോടിന്റെ പ്രസ്താവനയും അങ്ങ് കേട്ടോ?”

“പല പ്രമാണിമാരും പലതും പറയുന്നുണ്ട്. അതൊന്നും ഞാന്‍ കാര്യമായി എടുക്കുന്നില്ല.”