അരിക്ക് 11 രൂപവരെ കൂടി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2012 (20:47 IST)
PRO
റംസാനും ഓണത്തിനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പൊതുവിപണിയില്‍ വില കുതിച്ചുകയറി. സാധാരണക്കാര്‍ക്ക് താങ്ങാനാകാത്തവിധം രൂക്ഷമായിരിക്കുകയാണ് വിലവര്‍ധന. ഉപ്പുതൊട്ടുള്ള എല്ലാ സാധനങ്ങള്‍ക്കും പത്തുമുതല്‍ 15 രൂപ വരെയാണ് വില വര്‍ധിച്ചത്. പൊതുവിതരണശൃംഖല തകര്‍ന്നതും സര്‍ക്കാരിന്റെ ഓണം - റംസാന്‍ പച്ചക്കറി വിപണന മാര്‍ക്കറ്റുകള്‍ ഫലപ്രദമല്ലാത്തതുമാണ് വിപണിയിലെ തീപിടിച്ച വിലക്കയറ്റത്തിന് ഇന്ധനം പകര്‍ന്നത്.

സീസണ്‍ ആരംഭിച്ചതുമുതല്‍ സംസ്ഥാനത്തിന് ആവശ്യമായ അരിയും പച്ചക്കറിയും മറ്റും ലഭിക്കുന്നുമില്ല. അരിവില 11 രൂപവരെ വര്‍ധിച്ചു. 33 രൂപയില്‍നിന്നും പൊന്നി അരിയുടെ വില 44 ആയി. ചെറുമണി, ഡൊപ്പി എന്നീ അരികള്‍ക്കും വിലവര്‍ധിച്ചിട്ടുണ്ട്. ബിരിയാണി അരി വിദേശത്തേക്ക് കയറ്റി അയയ്ക്കാന്‍ തുടങ്ങിയതോടെ വില കൂടിയിട്ടുണ്ട്. ചെമ്പ-26, വെള്ളഅരി-29, റോസ്അരി-29 എന്നിങ്ങനെയാണ് വിപണിവില.

പഞ്ചസാര 32ല്‍നിന്നും 41 രൂപയിലേക്കാണ് വര്‍ധിപ്പിച്ചത്. മുളക്-76, മല്ലി-68, ചെറുപയര്‍-74, വന്‍പയര്‍-76, തുവരപരിപ്പ്-80, ഉഴുന്ന്-80, കടലപരിപ്പ്-80 എന്നിങ്ങനെയാണ് കിലോയ്ക്ക് വില. പൊതുവിപണിയിലെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ആരംഭിച്ച പഴം-പച്ചക്കറി വിപണന മാര്‍ക്കറ്റുകളും ഫലപ്രദമല്ല. ഹോര്‍ട്ടികോര്‍പ്സ് നേരിട്ടാണ് കര്‍ഷകരില്‍നിന്നും പച്ചക്കറി ശേഖരിച്ചത്. എന്നാല്‍, ഹോര്‍ട്ടികോര്‍പ്സ് കര്‍ഷകര്‍ക്ക് ശരിയായ രീതിയില്‍ പണം നല്‍കുന്നില്ല. അതിനാല്‍ വിലകൂടുതല്‍ നല്‍കുന്ന കച്ചവടക്കാര്‍ക്ക് മിക്ക കര്‍ഷകരും പച്ചക്കറി വില്‍ക്കുന്നു.

സീസണാരംഭിക്കുന്നതിനുമുമ്പുതന്നെ പൊതുവിപണിയില്‍ ഒട്ടുമിക്ക സാധനങ്ങള്‍ക്കും വില ഇരട്ടിയിലധികം വര്‍ധിച്ചിരുന്നു. പച്ചമുളക് -42, ബീന്‍സ്-50, ഇഞ്ചി-43, വഴുതന-26, ബീറ്റ്റൂട്ട്-25, പാവയ്ക്ക-40, പയര്‍-62, കാരറ്റ്-43, തക്കാളി-24, മല്ലിയില-28, ചീര-16, പുതിന-35, മരച്ചീനി-14, പടവലം-18 എന്നിങ്ങനെയാണ് വിപണിയിലെ വില. പെട്രോളിന്റെയടക്കം അടിക്കടിയുള്ള വിലവര്‍ധന ഭക്‍ഷ്യവസ്തുക്കളുടെ വില ഇനിയും വര്‍ധിപ്പിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കഴിഞ്ഞമാസമുണ്ടായ വരള്‍ച്ചയും തുടര്‍ന്ന് അപ്രതീക്ഷിതമായുണ്ടായ കനത്തമഴയും പച്ചക്കറി, പലവ്യഞ്ജന ക്ഷാമത്തിനു കാരണമായിട്ടുണ്ട്. തിരുനെല്‍വേലി, തോവാള, നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ വിളവെടുപ്പുസമയത്തുണ്ടായ കനത്തമഴ പച്ചക്കറി കൃഷി നശിക്കുന്നതിനും കാരണമായി. അടുത്തമാസം വിളവെടുക്കാനുള്ള പച്ചക്കറികളും നശിച്ചവയില്‍ ഉള്‍പ്പെടും.

ക്രിയേറ്റീവ് കോമണ്‍ ലൈസന്‍സ് പ്രകാരം ദേശാഭിമാനിയില്‍ നിന്ന് എടുത്ത് പുനഃപ്രസിദ്ധീകരിക്കുന്നത്