അയോധ്യ: ആരാധനാലയങ്ങള്‍ക്കു സുരക്ഷ ശക്തമാക്കും

Webdunia
ചൊവ്വ, 21 സെപ്‌റ്റംബര്‍ 2010 (16:36 IST)
PRO
അയോധ്യ തര്‍ക്കത്തില്‍ അലഹബാദ്‌ ഹൈക്കോടതി 24-ന്‌ വിധിപറയാനിരിക്കെ ശബരിമല ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ആരാധനലായങ്ങള്‍ക്ക്‌ സുരക്ഷ ശക്തമാക്കുന്നു. നാളെ മുതല്‍ ഒരാഴ്ചത്തേയ്ക്ക്‌ പ്രത്യേക നിരീക്ഷണം ഉള്‍പ്പെടെയുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ്‌ സര്‍ക്കാര്‍ തീരുമാനം.

ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലേക്ക്‌ എത്തുന്നവരെയും ഇതേപ്രദേശങ്ങളില്‍ എത്തുന്ന വാഹനങ്ങളും നിരീക്ഷിക്കും. പ്രത്യേക പോലീസ്‌ പിക്കറ്റിംഗും രാത്രികാല പട്രോളിംഗും രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശോധനകളും ഉണ്ടാവും. സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങള്‍, പള്ളികള്‍, മറ്റ്‌ ആരാധനലായങ്ങള്‍ എന്നിവിടങ്ങളിലും സുരക്ഷയുടെ ഭാഗമായി പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാവും. ആവശ്യമെന്നു തോന്നുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ദ്രുതകര്‍മ സേനയേയും നിയോഗിക്കും.

സംഘര്‍ഷസാധ്യതയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ഇന്നലെ പോലീസ്‌ ആസ്ഥാനത്ത്‌ ഡിജിപി ജേക്കബ്‌ പുന്നൂസിന്റെ സാന്നിധ്യത്തില്‍ നടത്തിയ ഉന്നതല യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
മുപ്പതിനായിരത്തോളം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. എസ്പിമാരും കമ്മിഷണര്‍മാരും കലക്ടര്‍മാരുമായി കൂടിയാലോചിച്ചാകും 23 മുതല്‍ 25 വരെ ആവശ്യമെന്നു തോന്നുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുക.

പൊലീസിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ജാഥ, പ്രകടനം, പൊതുസമ്മേളനം എന്നിവ നടത്താന്‍ കഴിയില്ല. 23നു രാത്രി മുതല്‍ ട്രെയിനുകളിലും ബസിലും വാഹനങ്ങളിലും സ്ഫോടകവസ്‌തു പരിശോധന നടത്തും.