അമ്മത്തൊട്ടിലില്‍ മൂന്നുവയസുകാരി!

Webdunia
ബുധന്‍, 20 ജനുവരി 2010 (09:50 IST)
PRO
അമ്മത്തൊട്ടിലില്‍ മൂന്നുവയസുകാരിയും. കേള്‍ക്കുമ്പോള്‍ അ‌ല്‍‌പം അതിശയം തോന്നാം. പക്ഷെ സത്യമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിലാണ് കഴിഞ്ഞ രാത്രിയില്‍ ഒരു മൂന്നുവയസുകാരിയെ അമ്മ ഉപേക്ഷിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിയോടെയാണ് കുട്ടിയെ തൊട്ടിലില്‍ കണ്ടത്.
കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പുകളും തൊട്ടിലില്‍ വെച്ചിരുന്നു. കണ്ണെഴുതി, കരിമഷികൊണ്ട് കവിളില്‍ മറുകു കുത്തി ഒരുക്കിയായിരുന്നു കുട്ടിയെ തൊട്ടിലില്‍ കിടത്തിയിരുന്നത്.

ആശുപത്രി ജീവനക്കാരെ കണ്ട് ആദ്യം ആ കണ്ണുകളില്‍ അപചിരിതത്വം നിറഞ്ഞെങ്കിലും പിന്നീട് കളിയും ചിരിയുമായി കുഞ്ഞ് ഒപ്പം കൂടി. ആരോ പേരു ചോദിച്ചപ്പോള്‍ കുഞ്ഞിപ്പല്ലുള്ള മോണ കാട്ടി ചിരിച്ചുകൊണ്ട് ദേവു എന്ന് മറുപടിയും പറഞ്ഞു.

ആശുപത്രി ജീവനക്കാര്‍ വാങ്ങി നല്‍കിയ പാലും ഐസ്ക്രീമും നുണഞ്ഞ് ലോഹ്യം കാട്ടിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോള്‍ ദേവുവിന്‍റെ മട്ടുമാറി. അമ്മയെ കാണണമെന്ന വാശിയും കരച്ചിലും ഒപ്പമായി. ദേവുവിനെ ആശ്വസിപ്പിക്കാന്‍ ജീവനക്കാര്‍ കുറെ പാടുപെടുകയും ചെയ്തു. കുറെ കഴിഞ്ഞപ്പോള്‍ കരച്ചില്‍ മൌനത്തിന് വഴിമാറി.

അപൂര്‍വ്വമായാണ് ഇത്രയും പ്രായമുള്ള കുട്ടിയെ അമ്മത്തൊട്ടിലില്‍ ലഭിക്കുന്നത്. സാധാരണയായി ചോരക്കുട്ടികളെയും ആറുമാസത്തിനിടെ പ്രായമുള്ള കുഞ്ഞുങ്ങളെയുമാണ് അമ്മമാര്‍ ഇങ്ങനെ ഉപേക്ഷിക്കാറ്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലില്‍ ലഭിച്ച ആറാമത്തെ കുട്ടിയാണ് ദേവു. തിങ്കളാഴ്ച രാത്രി ഏഴുമാസം പ്രായമായ ഒരു കുട്ടിയെയും തൊട്ടിലില്‍ നിന്ന് ലഭിച്ചിരുന്നു.